|

മമ്മൂട്ടിയേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണ്; ജീവിതം തന്നെ വളരെ സീരിയസായി എടുത്ത നടന്‍: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് മധു. വളരെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റാണ് മമ്മൂട്ടിയെന്നും ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണെന്നും അദ്ദേഹം പറയുന്നു.

വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും മധു കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ കിട്ടിയതില്‍ അദ്ദേഹത്തേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണെന്നും നടന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി വളരെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റാണ്. ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണ്. വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ്.

മമ്മൂട്ടി അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നത്. അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ നമുക്ക് കിട്ടിയതില്‍ അദ്ദേഹത്തേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണ്. ഇതുവരെ മമ്മൂട്ടി അഭിനയിച്ചത് കൊണ്ട് മോശമായെന്ന പറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ,’ മധു പറയുന്നു.

നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും മധു അഭിമുഖത്തില്‍ പറഞ്ഞു. പ്രേം നസീറിന് നന്നായി അഭിനയിക്കാനുള്ള കഴിവുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ ക്ലിക്കായ അതേ രീതിയിലുള്ള കഥാപാത്രങ്ങളാണ് മലയാള സിനിമ അദ്ദേഹത്തിന് നല്‍കിയതെന്നും മധു കൂട്ടിച്ചേര്‍ത്തു.


Content Highlight: Madhu Talks About Mammootty’s Acting