Advertisement
Entertainment
വലിയ ബഹളങ്ങള്‍ ഉണ്ടാകാതെ കഥാപാത്രങ്ങളെ മനസിലാക്കി ചെയ്യുന്ന സൂപ്പര്‍താരമാണ് അദ്ദേഹം: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 20, 07:49 am
Wednesday, 20th November 2024, 1:19 pm

മലയാള സിനിമയിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍തന്നെ സിനിമയോടൊപ്പം സഞ്ചരിച്ച് മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മലയാള സിനിമയിലെ പുതിയ ജനറേഷനിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മധു.

വളരെ സീരിയസ് ആയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും വളരെ സീരിയസായ വ്യക്തിയാണ് മമ്മൂട്ടിയെന്നും മധു പറയുന്നു. മമ്മൂട്ടി വലിയ ബഹളങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെങ്കില്‍ പോലും കഥാപാത്രങ്ങളെ അറിഞ്ഞ് ചെയ്യുമെന്നും അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെപോലെ ഒരു ആര്‍ട്ടിസ്റ്റിനെ കിട്ടിയതിന് മമ്മൂട്ടിയേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണെന്ന് മധു പറഞ്ഞു. മമ്മൂട്ടി ഏത് കഥാപാത്രം ചെയ്താലും നന്നാകുമെന്നും മമ്മൂട്ടി അഭിനയിച്ച് മോശമായ ഏതെങ്കിലും കഥാപാത്രം ഉണ്ടെന്നോയെന്നും മധു ചോദിക്കുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ സീരിയസ് ആയ നടനാണ് മമ്മൂട്ടി. അഭിനയം മാത്രമല്ല ജീവിതം തന്നെ വരെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് അദ്ദേഹം. വലിയ ബഹളങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെ മനസിലാക്കി അറിഞ്ഞ് ചെയ്യുന്ന ആളാണ് മമ്മൂട്ടി.
അഭിനയം ആസ്വദിച്ച് ചെയ്യുന്ന ആളാണ് അദ്ദേഹം.

മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍ നമ്മളാണ് കാരണം അങ്ങനെ ഒരു ആര്‍ട്ടിസ്റ്റിനെ നമുക്ക് കിട്ടിയതിന്. മമ്മൂട്ടി ഏത് കഥാപാത്രം ചെയ്താലും നന്നാകും. ഇതുവരെ എന്തെങ്കിലും ഒന്ന് മമ്മൂട്ടി അഭിനയിച്ച് മോശമായി എന്ന് കേട്ടിട്ടുണ്ടോ?,’ മധു പറയുന്നു.

Content Highlight: Madhu Talks About Mammootty