മലയാള സിനിമയിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍തന്നെ സിനിമയോടൊപ്പം സഞ്ചരിച്ച് മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.
പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മലയാള സിനിമയിലെ പുതിയ ജനറേഷനിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയെ കുറിച്ചും ജയറാമിനെ കുറിച്ചും സംസാരിക്കുകയാണ് മധു. സുരേഷ് ഗോപിയെ എല്ലാവര്‍ക്കും താന്‍ പറയുന്നതിലും കൂടുതല്‍ അറിയാമെന്നും സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം എല്ലാവരും അദ്ദേഹത്തിന്റെ പഴയ സിനിമകള്‍ കൂടുതല്‍ കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും മധു പറഞ്ഞു.
ജയറാം എന്ന നടന്‍ മുഴുവനും കലയാണെന്നും മധു പറയുന്നു. നല്ലൊരു അഭിനേതാവാണ് ജയറാമെന്നും മിമിക്രിയും പഞ്ചാരി മേളവും പാട്ടും ജയറാമിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയറാം ഒരു പൂര്‍ണ കലാകാരനാണെന്നും മധു പറയുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മധു.
‘സുരേഷ് ഗോപിയെ എല്ലാവര്‍ക്കും അറിയാം. ഞാന്‍ പറയുന്നതിലും കൂടുതല്‍ അറിയാം. ഇപ്പോള്‍ അദ്ദേഹം പൊളിറ്റിക്സില്‍ എല്ലാം വന്നതുകൊണ്ട് സുരേഷ് ഗോപിയുടെ പഴയ സിനിമകളെല്ലാം എല്ലാവരും കാണാന്‍ തുടങ്ങിയിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപിയെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.
ജയറാം എന്ന് പറയുന്ന നടന്‍ മുഴുവനും കലയാണ്. അദ്ദേഹം നല്ലൊരു ആക്ടര്‍ ആണ്. മിമിക്രിയെല്ലാം ചെയ്യും. വേണ്ടി വന്നാല്‍ പാട്ട് പാടും. പഞ്ചാരി മേളമെല്ലാം സുഖമായി അടിക്കും. അങ്ങനെ പൂര്‍ണ കലാകാരനാണ് ജയറാം,’ മധു പറയുന്നു.