Entertainment
നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്ന ആ നടന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 10:45 am
Tuesday, 4th March 2025, 4:15 pm

മലയാളത്തിലെ മഹാനായ നടന്‍ ജയനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മധു. ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും ആവേശവും വേദനയും തന്നിലൂടെ കടന്നുപോകുമെന്ന് മധു പറയുന്നു. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജയനിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും ആ ആകര്‍ഷിച്ചതെന്നും മധു പറഞ്ഞു.

ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയനെന്നും മധു കൂട്ടിച്ചേര്‍ത്തു.

‘ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അന്ന് ജയന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

കൊല്ലത്തുകാരനാണെന്നും യഥാര്‍ഥ പേര് കൃഷ്ണന്‍ നായരാണെന്നും നേവിയിലെ ജോലി രാജിവെച്ച ശേഷമാണ് സിനിമയില്‍ അഭിനയിക്കാനെത്തിയതെന്നുമുള്ള ചില വാര്‍ത്തമാനങ്ങള്‍ ആദ്യ പരിചയപ്പെടലില്‍ ജയനില്‍നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജയനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവസവിശേഷത ജയന്‍ മരണംവരെ കാത്തുസൂക്ഷിച്ചിരുന്നു.

ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്റ്, സുധീര്‍, മോഹന്‍, രവികുമാര്‍, ഞാന്‍, പിന്നെ കമല്‍ഹാസന്‍ തുടങ്ങി അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷേ ജയന്റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു.

അത് ജയന്റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്റേതായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു,’ മധു പറയുന്നു.

Content highlight: Madhu talks about Jayan