മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിനൊപ്പം സംവിധാനത്തിലും നിര്‍മാണത്തിലുമൊക്കെ കഴിവ് തെളിയിച്ച ആള്‍ കൂടെയാണ് മധു. അദ്ദേഹം 1970 മുതല്‍ 1986 വരെയുള്ള വര്‍ഷങ്ങളില്‍ 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1971ല്‍ പുറത്തിറങ്ങിയ മധുവിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായിരുന്നു സിന്ദൂരച്ചെപ്പ്.
ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ മധുവിന് ഈ സിനിമയിലൂടെ സാധിച്ചു. 1976ല്‍ മധു സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു തീക്കനല്‍. പിന്നീട് ഈ സിനിമ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
സിന്ദൂരച്ചെപ്പ്, തീക്കനല്‍ എന്നീ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മധു. അങ്ങനെ ചോദിക്കരുതെന്നും ആ സിനിമകള്‍ തമ്മില്‍ യാതൊരു ബന്ധമില്ലെന്നുമാണ് നടന്‍ പറഞ്ഞത്. പുലിയും കടുവയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിക്കുന്നത് പോലെയാണ് അതെന്നും മധു കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അയ്യോ അങ്ങനെ ചോദിക്കരുത്. കാരണം രണ്ടിനും തമ്മില്‍ യാതൊരു ബന്ധവുമില്ല. പുലിയും കടുവയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിക്കുന്നത് പോലെയാണ് അത്. രണ്ടും ഏതാണ്ട് ഒരു പോലെ തന്നെയല്ലേ.
അതുപോലെ തന്നെയാണ് ഈ രണ്ട് സിനിമകളും. നല്ല കഥയും നല്ല ആര്‍ട്ടിസ്റ്റുകളുമാണ്. നല്ല പടങ്ങളായിരുന്നു. ഷൂട്ട് ചെയ്യാനും അഭിനയിക്കാനും സുഖമായിരുന്നു. സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ ആളുകള്‍ക്ക് കാണാനും സുഖമായിരുന്നു,’ മധു പറയുന്നു
Content Highlight: Madhu Talks About His Sindhooracheppu And Theekkanal Movie