|

രജിനികാന്തിന്റെ മുഖത്തടിക്കുന്ന കഥാപാത്രം ആര് ചെയ്യുമെന്നറിയാതെ സംവിധായകന്‍, എന്റെ പേര് നിര്‍ദേശിച്ചത് ആ തമിഴ് നടന്‍: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് മധു. 1960കള്‍ മുതല്‍ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേയൊരു നടനാണ് അദ്ദേഹം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുതല്‍ മലയാളസിനിമയിലെ ഒരുപാട് മാറ്റങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച മധു സംവിധായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്.

തമിഴില്‍ മധു അഭിനയിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് ധര്‍മദുരൈ. രജിനികാന്ത് നായകനായ ചിത്രത്തില്‍ രജിനിയുടെ അച്ഛനായാണ് മധു വേഷമിട്ടത്. ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മധു. തന്റെ കഥാപാത്രത്തിലേക്ക് സംവിധായകര്‍ ആദ്യം പരിഗണിച്ചത് ശിവാജി ഗണേശനെയായിരുന്നുവെന്ന് മധു പറഞ്ഞു.

എന്നാല്‍ ഷൂട്ടിന് മുമ്പ് ശിവാജി ഗണേശന് അമേരിക്കയിലേക്ക് ചികിത്സക്കായി പോവേണ്ടി വന്നെന്നും അദ്ദേഹത്തിന് ആ ചിത്രം ചെയ്യാനാകാതെ വന്നെന്നും മധു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രത്തെ ശിവാജി ഗണേശന്‍ തല്ലുന്ന സീനുണ്ടായിരുന്നെന്നും അദ്ദേഹം പോയതോടെ അണിയറപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായെന്നും മധു പറഞ്ഞു.

ശിവാജി ഗണേശന്‍ അല്ലാതെ വേറെ ആരെങ്കിലും രജിനികാന്തിനെ തല്ലുന്നത് കാണിച്ചാല്‍ ആരാധകര്‍ രോഷാകുലരാകുമെന്ന് സംവിധായകന്‍ ശിവാജി ഗണേശനോട് പറഞ്ഞെന്നും മധു കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ശിവാജി ഗണേശനാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് താനെന്ന് അവരോട് പറഞ്ഞെന്നും മധു പറഞ്ഞു. ആ സിനിമയുടെ ഷൂട്ടിനിടയില്‍ രജിനികാന്ത് തനിക്ക് തന്ന സ്‌നേഹവും ബഹുമാനവും താന്‍ ഒരിക്കലും മറക്കില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു മധു.

‘രജിനികാന്തുമായി അത്രയടുത്ത സൗഹൃദം എനിക്കില്ല. ഇക്കാലത്തിനിടയില്‍ ഒരൊറ്റ സിനിമയില്‍ മാത്രമാണ് ഞാന്‍ രജിനിയോടൊപ്പം അഭിനയിച്ചത്. പഞ്ചു അരുണാചലം കഥയെഴുതി രാജശേഖര്‍ സംവിധാനം ചെയ്ത ധര്‍മദുരൈ ആയിരുന്നു ആ ചിത്രം. ആ സിനിമയില്‍ രജിനിയുടെ അച്ഛന്റെ വേഷമായിരുന്നു എനിക്ക്. ആ വേഷം ആദ്യം ചെയ്യാനിരുന്നത് ശിവാജി ഗണേശനായിരുന്നു.

എന്നാല്‍ ഷൂട്ടിന് മുമ്പ് ശിവാജി ഗണേശന് ചികിത്സയുടെ ആവശ്യത്തിന് വേണ്ടി അമേരിക്കയിലേക്ക് പോകേണ്ടി വന്നു. ആ സിനിമയില്‍ ശിവാജി രജിനിയുടെ മുഖത്ത് അടിക്കുന്ന സീനുണ്ട്. ശിവാജി പോയതോടെ അണിയറപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. രജിനിയുടെ മുഖത്ത് ശിവാജിയല്ലാതെ വേറെ ആര് അടിച്ചാലും ആരാധകര്‍ പ്രശ്‌നമുണ്ടാക്കും.

ശിവാജി ഗണേശനാണ് ആ സമയത്ത് എന്റെ പേര് നിര്‍ദേശിച്ചത്. അങ്ങനെ ആ സിനിമയില്‍ ഞാന്‍ രജിനിയുടെ അച്ഛനായി അഭിനയിച്ചു. പിന്നീട് രജിനിയുമായി അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ആ സിനിമയുടെ സെറ്റ് മറക്കാനാകാത്ത അനുഭവമാണ്. രജിനി എനിക്ക് തന്ന സ്‌നേഹവും ബഹുമാനവും ഒരിക്കലും മറക്കില്ല,’ മധു പറയുന്നു.

Content Highlight: Madhu Shares the shooting experience with Rajnikanth