മലയാളസിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് മധു. 1960കള്‍ മുതല്‍ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേയൊരു നടനാണ് അദ്ദേഹം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുതല്‍ മലയാളസിനിമയിലെ ഒരുപാട് മാറ്റങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച മധു സംവിധായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ കെ.പി. ഉമ്മറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മധു. അദ്ദേഹത്തോടൊപ്പമാണ് ഷൂട്ടെങ്കില്‍ എപ്പോഴും നല്ല ഭക്ഷണം കിട്ടുമെന്ന് മധു പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭക്ഷണപ്രിയരിലൊരാളാണ് ഉമ്മറെന്ന് മധു പറഞ്ഞു. എവിടെയാണ് ഷൂട്ടെങ്കിലും നല്ല ഭക്ഷണം സെറ്റിലെത്തിക്കുന്നയാളാണ് ഉമ്മറെന്നും കൊണ്ടുവരുന്ന ഭക്ഷണം എല്ലാവര്‍ക്കും നല്‍കാറുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു.
ഉച്ചഭക്ഷണം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ രാത്രി എന്താണ് വേണ്ടതെന്ന് അയാള്‍ പറഞ്ഞേല്പിക്കുമെന്നും അത് തനിക്ക് പുതിയൊരു കാഴ്ചയായിരുന്നെന്നും മധു പറഞ്ഞു. സാധാരണ എല്ലാവരും ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാന്‍ നോക്കുമ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ അത്താഴത്തിന് എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും അത് കേള്‍ക്കാന്‍ നല്ല രസമാണെന്നും മധു കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ പങ്കാളിയെ ബിച്ചാമി എന്നായിരുന്നു വിളിക്കാറുള്ളതെന്നും അവരെ ഫോണ്‍ ചെയ്ത് രാത്രി ആട്ടിന്‍ തല മതിയെന്നൊക്കെ പറഞ്ഞേല്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും മധു പറഞ്ഞു. ഭക്ഷണത്തിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നയാളാണ് അദ്ദേഹമെന്നും നല്ല മനുഷ്യനാണ് ഉമ്മറെന്നും മധു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മധു.
‘ഉമ്മറിന്റെ കൂടെ അഭിനയിക്കുന്നത് എപ്പോഴും സുഖമുള്ള ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്കും നല്ല ഭക്ഷണം കിട്ടും. കാരണം, ഷൂട്ട് എവിടെയാണെങ്കിലും അവിടത്തെ ഏറ്റവും നല്ല ഭക്ഷണം ലൊക്കേഷനിലേക്ക് എങ്ങനെയെങ്കിലും എത്തിക്കും. ഒരിക്കലും അദ്ദേഹം അതൊക്കെ ഒറ്റക്ക് കഴിക്കാറില്ല. എല്ലാവര്‍ക്കും കൊടുത്തിട്ടേ പുള്ളിയും കഴിക്കാറുള്ളൂ.
ഉച്ചക്ക് ഊണ് കഴിച്ച് എഴുന്നേല്ക്കുമ്പോള്‍ തന്നെ രാത്രി എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് വിളിച്ച് പറയും. സാധാരണ എല്ലവരും ഊണ് കഴിച്ച ശേഷം വിശ്രമിക്കാന്‍ നോക്കുകയാണല്ലോ പതിവ്. പക്ഷേ അദ്ദേഹം അപ്പോള്‍ തന്നെ അത്താഴത്തിന് എന്ത് വേണമെന്ന് തീരുമാനിക്കും. ബിച്ചാമി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയെ വിളിക്കുന്നത്. ‘ബിച്ചാമി, രാത്രിയിലേക്ക് ആടിന്റെ തല മതി’ എന്നൊക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാറുണ്ട്. ഭക്ഷണത്തോട് നല്ല ഇഷ്ടമുള്ള ആളാണ് അദ്ദേഹം. അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു,’ മധു പറഞ്ഞു.
Content Highlight: Madhu shares the shooting experience with KP Ummer