| Sunday, 29th December 2024, 8:13 pm

എത്ര നേരം ഷൂട്ട് നീണ്ടാലും ക്ഷീണിച്ചു എന്നൊരു വാക്ക് ആ നടന്‍ പറയില്ലായിരുന്നു, അത്രമാത്രം ഡെഡിക്കേറ്റഡായിരുന്നു അയാള്‍: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് മധു. 1960കള്‍ മുതല്‍ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേയൊരു നടനാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച മധു സംവിധായകനായും കഴിവ് തെളിയിച്ചിട്ടുണ്ട്. ചെമ്മീന്‍, സ്വയംവരം, ഓളവും തീരവും, പടയോട്ടം തുടങ്ങി മലയാളത്തിലെ ക്ലാസിക്കുകളില്‍ മധുവിന്റെ സാന്നിധ്യമുണ്ട്.

മണ്മറഞ്ഞ മഹാനടന്‍ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മധു. സിനിമയില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള നടന്മാരില്‍ ഒരാളായിരുന്നു ജയനെന്ന് മധു പറഞ്ഞു. പലപ്പോഴും താന്‍ ഷൂട്ടിന് പോകുന്നതും വരുന്നതുമെല്ലാം ജയന്റെ കൂടെയായിരുന്നെന്ന് മധു കൂട്ടിച്ചേര്‍ത്തു. സിനിമയോട് അടങ്ങാത്ത ഡെഡിക്കേഷനുള്ള നടനായിരുന്നു ജയനെന്ന് മധു പറഞ്ഞു.

എത്രതവണ ഷൂട്ട് ചെയ്യേണ്ടി വന്നാലും ക്ഷീണിക്കുന്നു എന്ന് പറഞ്ഞ് ജയന്‍ മാറിനില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് മധു കൂട്ടിച്ചേര്‍ത്തു. രാത്രി വൈകുന്നതുവരെ ഷൂട്ട് ഉണ്ടായാലും പിറ്റേന്ന് രാവിലെ വീണ്ടും സെറ്റിലെത്തി ഷൂട്ട് ചെയ്യുമെന്നും ഇത്രയധികം പരിശ്രമിക്കുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്നും മധു പറഞ്ഞു. മരണശേഷവും അദ്ദേഹത്തിന്റെ ആരാധകപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അത്രക്ക് ഫാന്‍ ഫോളോയിങ് ഉണ്ടാകുമോ എന്നറിയില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു.

കോളിളക്കത്തിന്റെ ക്ലൈമാക്‌സിനിടയിലാണ് ജയന് അപകടമുണ്ടായതെന്നും അന്ന് താന്‍ അതിനടുത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നെന്നും മധു പറഞ്ഞു. താനും എം.എന്‍. നമ്പ്യാറുമാണ് ആശുപത്രിയിലേക്ക് പോയതെന്നും അദ്ദേഹത്തിനെ അവസാനമായി കണ്ടത് താനായിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു. തന്റെ മനസില്‍ ഇപ്പോഴും ജയന് ചെറുപ്പമാണെന്നും മധു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മധു.

‘സിനിമയില്‍ എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന നടന്മാരിലൊരാളായിരുന്നു ജയന്‍. പലപ്പോഴും ഞാന്‍ ഷൂട്ടിന് പോകുന്നതും വരുന്നതും ജയന്റെ കാറിലായിരുന്നു. ഷൂട്ടില്ലാത്തപ്പോള്‍ ചില സമയം ലോങ് ഡ്രൈവ് പോകുമായിരുന്നു. ഷൂട്ടിന്റെ സമയത്ത് പൂര്‍ണമായും ഡെഡിക്കേറ്റഡായിട്ടുള്ളയാളായിരുന്നു ജയന്‍.

എത്രനേരം പണിടെയുത്താലും അയാള്‍ ക്ഷീണിച്ചു എന്ന് ഒരിക്കലും പറയില്ല. രാത്രി മുഴുവന്‍ ഷൂട്ട് ഉണ്ടെങ്കിലും പിറ്റേന്ന് രാവിലെ അദ്ദേഹം വീണ്ടും സെറ്റില്‍ കാണും. ഇത്രയധികം പരിശ്രമിക്കുന്ന ഒരു നടനെ വേറെ കണ്ടിട്ടില്ല. മരിച്ച് 44 വര്‍ഷമായെങ്കിലും അയാളുടെ ഫാന്‍ ഫോളോയിങ്ങിന് കുറവില്ല. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അത്രക്ക് ആരാധകര്‍ ഉണ്ടാകുമോ എന്നറിയില്ല.

കോളിളക്കത്തിന്റെ ക്ലൈമാക്‌സിനിടയിലാണ് ജയന്‍ മരിക്കുന്നത്. അന്ന് ആ ഷൂട്ടിങ് സ്‌പോട്ടില്‍ ഞാനും ഉണ്ടായിരുന്നു. ആക്‌സിഡന്റായതിന് ശേഷം അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ഞാനും എം.എന്‍ നമ്പ്യാരും കൂടെ പോയി. അവസാനമായി ഞാന്‍ ജയനെ അന്ന് കണ്ടു. എന്റെ മനസില്‍ ഇപ്പോഴും ജയന് ചെറുപ്പമാണ്,’ മധു പറഞ്ഞു.

Content Highlight: Madhu shares his experience with Jayan

We use cookies to give you the best possible experience. Learn more