| Friday, 23rd September 2022, 11:58 pm

അച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ മടുത്തപ്പോള്‍ മാറിനില്‍ക്കണമെന്നു തോന്നി, പക്ഷേ മമ്മൂട്ടി വന്ന് വിളിച്ചപ്പോള്‍ നിരസിക്കാനായില്ല: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് താനെന്നും അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോളാണ് കുറച്ചു മാറിനില്‍ക്കണമെന്നു തോന്നിയതെന്നും മുതിര്‍ന്ന നടന്‍ മധു. എന്നാല്‍ മമ്മൂട്ടി വന്ന് ഒരു ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ലെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മധു പറഞ്ഞു.

‘ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും. അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി. ആ വിശ്രമജീവിതം എന്നെ കുറച്ചു മടിയനാക്കിയോ എന്നൊരു സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് പ്രത്യേക താത്പര്യം തോന്നാത്തതുകൊണ്ടാണോ എന്നും അറിയില്ല, അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല.

കൊവിഡിന് മുന്‍പ് മമ്മൂട്ടി വീട്ടില്‍ വന്നിരുന്നു. ‘വണ്‍’ എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി വേഷമിടണം എന്ന് പറഞ്ഞു. മമ്മൂട്ടിയെപ്പോലെ വലിയൊരു കലാകാരന്റെ സ്നേഹം എങ്ങനെ നിരസിക്കാനാവും. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍ താമസിക്കുന്ന കണ്ണമ്മൂലയിലെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍വെച്ചായിരുന്നു ഷൂട്ടിങ്. വൈകീട്ട് ആറുമണിക്കുചെന്ന് ഒന്‍പതുമണിയോടെ തീര്‍ത്തുപോന്നു. അതായിരുന്നു ഒടുവില്‍ അഭിനയിച്ച സിനിമ,’ മധു പറഞ്ഞു.

അഭിനേതാവ് എന്നതിന് പുറമേ സംവനിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങിയ മധുവിനെ ഏറ്റവും പ്രചോദിപ്പിച്ചത് നിര്‍മാതാവിന്റെ റോളാണെന്നും പറഞ്ഞു.

‘നടന് സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. സംവിധായകനുപോലും. പക്ഷേ, ഒരു നിര്‍മാതാവ് സിനിമയുടെ എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞിരിക്കും. നിര്‍മാതാവ് എന്നുപറയുന്നത് സിനിമയ്ക്ക് വേണ്ടി പണംമുടക്കുന്ന ആള്‍ മാത്രമല്ല. അത് ഫൈനാന്‍സിയറാണ്. ടി.കെ. വാസുദേവനും ശോഭനാപരമേശ്വരന്‍നായരുമൊക്കെ വെറും നിര്‍മാതാക്കള്‍ മാത്രമായിരുന്നില്ല. അവരെല്ലാം സിനിമയെന്ന കലയെ എല്ലാ അര്‍ഥത്തിലും പഠിച്ചവര്‍ തന്നെയായിരുന്നു.

പതിനഞ്ചോളം സിനിമകള്‍ ഞാന്‍ നിര്‍മിച്ചു. അതില്‍ കുട്ടികളുടെ ചിത്രവുമുണ്ടായിരുന്നു. ലാഭനഷ്ടക്കണക്കെടുപ്പ് ഞാന്‍ നടത്തിയില്ല. കാരണം സിനിമ എനിക്ക് നല്‍കിയ പണം സിനിമയ്ക്കുവേണ്ടിത്തന്നെ ഞാന്‍ വിനിയോഗിക്കുകയായിരുന്നു. നല്ലൊരു സബ്ജക്റ്റ് കിട്ടാത്തതുകൊണ്ടാണ് പിന്നീട് സിനിമകള്‍ നിര്‍മിക്കാതെ പോയത്. അങ്ങനെ പ്രചോദിപ്പിക്കുന്ന ഒരു സബ്ജക്ട് വരുകയാണെങ്കില്‍ ഒട്ടും വൈകാതെ സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറുമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Madhu says Tired of father, uncle roles, wanted to step aside, but couldn’t refuse when Mammootty called

We use cookies to give you the best possible experience. Learn more