അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മോഹന്‍ലാലും ദുര്‍ഗ കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഓളവും തീരവും. എം.ടിയുടെ തിരക്കഥകള്‍ സിനിമയാക്കുന്ന ആന്തോളജിയിലാണ് ഓളവും തീരവും ഉള്‍പ്പെട്ടിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം 1960ല്‍ പി.എന്‍. മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. മധു ആയിരുന്നു അന്ന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഓളവും തീരവും വീണ്ടും പുനര്‍ജനിക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് പറയുകയാണ് മധു.
ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്‌ളാദമുണ്ടെന്നും എന്നാല്‍ ഓളവും തീരവും പോലൊരു ചിത്രം റീട്ടേക്ക് ചെയ്യുമ്പോള്‍ കളറില്‍ത്തന്നെ എടുക്കണമായിരുന്നുവെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മധു പറഞ്ഞു.
‘വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്‌ളാദമുണ്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പ് ലാല്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണസ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞെങ്കിലും എനിക്ക് പോവാന്‍ സാധിച്ചില്ല.
പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പി.എന്‍. മേനോന്റെ സംവിധാനത്തില്‍ ഞാനഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ. പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലുമുള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീട്ടേക്ക് ചെയ്യുമ്പോള്‍ കളറില്‍ത്തന്നെ എടുക്കണമായിരുന്നു. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരുമാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു,’ മധു പറഞ്ഞു.
കരിയറില്‍ ചെയ്തതില്‍ വെച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്മീനെ കുറിച്ചും പരീക്കുട്ടിയെ പറ്റിയും മധു പറഞ്ഞു.
‘മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും ഞാനോര്‍ക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെയാണ്. എത്രയോ ചിത്രങ്ങളില്‍ ഞാന്‍ കാമുകനായി മരിക്കുന്നുണ്ട്. എന്നാല്‍, പഴയതും പുതിയതുമായ തലമുറ എന്നെ കാണുന്നത് പരീക്കുട്ടി എന്ന ദുരന്തകാമുകനായിട്ടാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ചെമ്മീന്‍ വായിച്ചത്. അന്നേ മനസ്സില്‍ കയറിക്കൂടിയതാണ് പരീക്കുട്ടി. നന്നായി പഠിച്ച് ഹോംവര്‍ക്ക് ചെയ്ത് അവതരിപ്പിച്ച പല വേഷങ്ങളും എന്റെ അഭിനയജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, പരീക്കുട്ടിയെ മാത്രം ആളുകള്‍ ഇത്രമാത്രം ഓര്‍ത്തുവെക്കാന്‍ കാരണമെന്താണ്?
പലവട്ടം ആലോചിച്ച് ഒടുവില്‍ ഞാനൊരു നിഗമനത്തിലെത്തി. പരീക്കുട്ടി സ്നേഹം മാത്രമാണ്. അയാള്‍ക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ. ഒരു വിരലുകൊണ്ടുപോലും കറുത്തമ്മയെ പരീക്കുട്ടി തൊട്ടുനോക്കുന്നില്ല. ആ സ്നേഹം പരിശുദ്ധമാണ്. നിഷ്‌കാമ കര്‍മം. ഇങ്ങനെയൊരു കാമുകനെ ഞാനും വേറെ കണ്ടിട്ടില്ല,’ മധു കൂട്ടിച്ചേര്‍ത്തു.
Content Highlight: Madhu said that while reshooting a film like Olavum Theeravum, it should have been shot in color