| Saturday, 20th August 2022, 2:36 pm

'എന്റെ മധുവിന് നീതി കിട്ടില്ലേയെന്ന് ആശങ്കപ്പെട്ടിരുന്നു'; പ്രതികളുടെ ജാമ്യം റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയതില്‍ അത്രയധികം സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി സരസു. ഇതിന് വേണ്ടി പ്രയത്‌നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സരസു പറഞ്ഞു.

ഈ വിധിയില്‍ എന്ത് പറയണം എന്നറിയില്ല. തകര്‍ന്നടിഞ്ഞിടത്ത് നിന്നാണ് ഈ കേസ് ഉയര്‍ത്തെഴുന്നേറ്റത്. എന്റെ മധുവിന് നീതി കിട്ടില്ലേയെന്ന് ആശങ്കപ്പെട്ടിരുന്നു. ഇപ്പോള്‍ മധുവിന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് കടപ്പെട്ടിരിക്കുന്നതായും മധുവിന്റെ സഹോദരി പ്രതികരിച്ചു.

”സഹായിച്ചവര്‍ക്ക്, വക്കീലന്മാര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നു. കേസുമായി മുന്നോട്ട് പോകും. ദൈവമുണ്ട് എനിക്ക്. ഒരുപാട് ബുദ്ധിമുട്ടി. എല്ലാവരും എന്നെ സഹായിച്ചു. ഇപ്പോഴൊന്നും ഭീഷണിയില്ല. കുറച്ച് മുമ്പുവരെ ഉണ്ടായിരുന്നു. പ്രതികള്‍ നിരന്തരം സ്വാധീനിച്ചിരുന്നു,” വിധി കേട്ട ശേഷം മധുവിന്റെ അമ്മ പ്രതികരിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകാറുള്ളൂ എന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പ്രതികരിച്ചത്.

12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താനായെന്നും, സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ ബോധ്യപ്പെടുത്താനായെന്നും അദ്ദേഹം പ്രതികരിച്ചു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെയും ജാമ്യം ഇന്നാണ് കോടതി റദ്ദാക്കിയത്. മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയാണ് എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്.

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പേരുടെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ചുകൊണ്ട് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ഹരജി ശരിവെച്ച് കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളടക്കം ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാനുളള ചില സാക്ഷികളേയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

Content Highlight: Madhu’s sister’s reaction on bail of 12 accused canceled by court in Madhu murder case

We use cookies to give you the best possible experience. Learn more