മധുവിന്റെ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു
Murder of Madhu
മധുവിന്റെ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2018, 7:10 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെയാണ് അഗളിയിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ മണ്ണാര്‍കാട് സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയത്.

മുക്കാലി സ്വദേശികളായ പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍(32), മണ്ണംപറ്റയില്‍ ജെയ്ജു മോന്‍(45), കുറ്റിക്കല്‍ സിദ്ദിഖ്(35), തൊടിയില്‍ ഉബൈദ്(25), പള്ളിശേരില്‍ രാധാകൃഷ്ണന്‍(34), ചോലയില്‍ അബ്ദുള്‍ കരീം(50), കുന്നത്തുവീട്ടില്‍ അനീഷ് (30), കിളയില്‍ മരക്കാര്‍ ഉണ്ണിയാല്‍(35), വറുതിയില്‍ നജീബ്(34), പുത്തന്‍പുരയ്ക്കല്‍ സജീവ്(30), ആനമൂളി പുതുവച്ചോലയില്‍ അബൂബക്കര്‍(32), പാക്കുളം സ്വദേശി ഹുസൈന്‍ മേച്ചേരില്‍(50), കള്ളമല സ്വദേശികളായ മുരിക്കടയില്‍ സതീശ്(39), ചരിവില്‍ ഹരീഷ്(34), ചരിവില്‍ ബിജു (41), വിരുത്തിയില്‍ മുനീര്‍(28) എന്നിവരാണ് കേസിലെ പ്രതികള്‍.

കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ്, സാമൂഹികമാധ്യമങ്ങളില്‍ മര്‍ദനത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എല്ലാ പ്രതികള്‍ക്കും കൊലപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് അട്ടപ്പാടിയിലെത്തി അന്വേഷണം നടത്തുന്നത്. ആള്‍ക്കൂട്ടം കാടിനുള്ളില്‍ അതിക്രമിച്ച് കയറിയതിനും മധുവിനെ ആക്രമിച്ചതിനും വനം വകുപ്പില്‍ നിന്നും വിജിലന്‍സ് വിഭാഗം വിശദീകരണം തേടും.