| Tuesday, 23rd August 2022, 10:15 am

മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രി നിയമസഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും, കേസില്‍ നീതി നടപ്പാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേസിലെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും, മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് എല്ലാവിധ സൗകര്യവും നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മധു വധക്കേസില്‍ കോടതി ജാമ്യം റദ്ദാക്കിയ 12 പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഗളി ഡി.വൈ.എസ്.പി എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ പത്ത് ടീമായാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.

ഹരജി പരിഗണിക്കുന്ന ദിവസം കോടതിയില്‍ ഹാജരായ മൂന്ന് പേരെ ശനിയാഴ്ച തന്നെ ജയിലിലേക്ക് അയച്ചു. ഇവരെ സെപ്റ്റംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 16 പ്രതികളില്‍ 12 പേരുടെ ജാമ്യം മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ശനിയാഴ്ച റദ്ദാക്കിയിരുന്നു. വിസ്തരിച്ച 13 സാക്ഷികളില്‍ 11 പേരും കൂറുമാറിയതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹരജി നല്‍കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കനുള്ള ഹരജിയില്‍ വിധി വരുന്നതുവരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സാക്ഷികള്‍ക്ക് പണം നല്‍കുക, ഹോട്ടല്‍മുറിയില്‍ സാക്ഷികളെ വിളിച്ച് ചര്‍ച്ച നടത്തുക, ആദിവാസി സ്ത്രീയുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് സാക്ഷികളെ സ്വാധീനിക്കാന്‍ വിളിക്കുക തുടങ്ങിയ തെളിവുകള്‍ പൊലീസ് ശേഖരിച്ച് പ്രോസിക്യൂഷന് നല്‍കിയിരുന്നു. ഇതാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സഹായകമായത്.

കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയതോടെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതുവരെ ഒളിവില്‍ കഴിയാനാണ് പ്രതികള്‍ക്ക് അഭിഭാഷകര്‍ നല്‍കിയ നിര്‍ദേശമെന്നാണ് വിവരം.

രണ്ടാം പ്രതി കെ. മരയ്ക്കാര്‍, മൂന്നാം പ്രതി പി. ഷംസുദീന്‍, അഞ്ചാം പ്രതി ടി. രാധാകൃഷ്ണന്‍, ആറാം പ്രതി പി. അബൂബക്കര്‍, ഒമ്പതാം പ്രതി വി. നജീബ്, പത്താം പ്രതി എം.വി. ജൈജുമോന്‍, പതിനൊന്നാം പ്രതി സി. അബ്ദുള്‍കരീം, പന്ത്രണ്ടാം പ്രതി പി.പി. സജീവ്, പതിനാറം പ്രതി വി. മുനീര്‍ എന്നവരാണ് ഒളിവില്‍ കഴിയുന്നത്. നാലാം പ്രതി കെ. അനീഷ്, ഏഴാം പ്രതി പി.കെ. സിദ്ദിഖ്, പതിനഞ്ചാം പ്രതി സി. ബിജു എന്നിവരാണ് റിമാന്‍ഡിലുള്ളത്.

Content Highlight: Madhu murder case; The Chief Minister said in the Assembly that the accused will be given due punishment

We use cookies to give you the best possible experience. Learn more