പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഈ നിര്‍ദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓര്‍മിപ്പിച്ചു.
അതേസമയം വിചാരണയ്ക്കിടെ വീണ്ടും സാക്ഷി കൂറുമാറി. 21ാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യന്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്.
അതിനിടെ സാക്ഷികളുടെ മൊഴിമാറ്റം തടയാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞു.
പ്രോസിക്യൂഷന്‍ സാക്ഷികളുടെ തുടര്‍ കൂറുമാറ്റം പ്രതിസന്ധിയാണെന്നും, പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
നേരത്തെ കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലായിരുന്നു മധുവിന്റെ അമ്മ പരാതി നല്‍കിയത്.
പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞത്. ഇത് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും, തങ്ങള്‍ക്ക് ജീവിക്കാന്‍ ഭീഷണിയുണ്ടെന്നും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മധു വധക്കേസില്‍ 122 സാക്ഷികളാണുള്ളത്.
Content Highlight: Madhu murder case special court will speed up trial; another witness defected