| Saturday, 14th December 2024, 4:03 pm

നിന്റെ ശബ്ദം യേശുദാസിനെപ്പോലെയുണ്ട്, മാറ്റിയില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് ആദ്യം പറഞ്ഞത് അദ്ദേഹമായിരുന്നു: മധു ബാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ഗായകരിലൊരാളാണ് മധു ബാലകൃഷ്ണന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് മധു കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 100ലധികം ഗാനങ്ങള്‍ മധു ബാലകൃഷ്ണന്‍ പാടിയിട്ടുണ്ട്. 2002ല്‍ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് തന്റെ പേരിലെഴുതി ചേര്‍ക്കാന്‍ മധുവിന് സാധിച്ചു.

യേശുദാസിന്റെ ശബ്ദവുമായി മധു ബാലകൃഷ്ണന്റെ ശബ്ദത്തിനുള്ള സാമ്യം പലപ്പോഴും സംഗീതപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ആദ്യമായി ഇക്കാര്യം തന്നോട് പറഞ്ഞത് സംഗീതസംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയായിരുന്നെന്ന് പറയുകയാണ് മധു ബാലകൃഷ്ണന്‍. ഒരു ആല്‍ബത്തിന് വേണ്ടി പാടിയ പാട്ടുകള്‍ ദക്ഷിണാമൂര്‍ത്തിയെ കേള്‍പ്പിച്ചെന്നും അത് കേട്ട ഉടനെ ഇത് യേശു തന്നെ എന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും മധു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഫോണ്‍ ചെയ്‌തെന്നും തന്റെ ശബ്ദം യേശുദാസിനെപ്പോലെയുണ്ടെന്നുള്ള കാര്യം വീണ്ടും ഓര്‍മിപ്പിച്ചെന്നും മധു പറഞ്ഞു. അത് മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാമെന്നും മധു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന് പുറത്തും യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം പലരും സംസാരിക്കാറുണ്ടെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു മധു ബാലകൃഷ്ണന്‍.

‘എനിക്ക് ദാസേട്ടന്റെ ശബ്ദവുമായി സിമിലാരിറ്റിയുണ്ടെന്ന് ആദ്യ പറഞ്ഞത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. ആ സമയത്ത് ഒരു ഡിവോഷണല്‍ ആല്‍ബം സ്വാമിയുടെ മ്യൂസിക്കില്‍ ഞാന്‍ ചെയ്തിരുന്നു. അതിലെ പാട്ടുകള്‍ കേട്ട ഉടനെ സ്വാമി ചാടിയെഴുന്നേറ്റ് ‘യേശു… ഇത് യേശുവിന്റെ ശബ്ദം തന്നെ’ എന്ന് പറഞ്ഞിരുന്നു. കേരളത്തിന് പുറത്തൊക്കെ പാടാന്‍ പോകുമ്പോള്‍ അവിടെയുള്ളവരൊക്കെ ഈ കാര്യം എടുത്ത് പറയുമായിരുന്നു.

പിന്നീട് കുറച്ച് കാലം കൂടി കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്ററും എന്നെ ഫോണ്‍ വിളിച്ചിട്ട് ‘എടാ, നിന്റെ ശബ്ദം യേശുദാസിന്റേത് പോലെയുണ്ട്. അതൊന്ന് മാറ്റാന്‍ നോക്ക്’ എന്ന് പറഞ്ഞു. ‘യേശു പാടി തുടങ്ങിയപ്പോള്‍ റാഫിയുടെ സൗണ്ട് പോലെയായിരുന്നു. പിന്നീട് ഒരുപാട് സമയമെടുത്തിട്ടാണ് യേശു ഇക്കാര്യം മാറ്റിയെടുത്തത്. നിനക്കും അങ്ങനെ മാറ്റിയെടുക്കാന്‍ പറ്റും, ഇല്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്‌നമാകും’ എന്ന് പറഞ്ഞ് ഉപദേശിച്ചു,’ മധു ബാലകൃഷ്ണന്‍ പറയുന്നു.

Content Highlight: Madhu Balakrishnan about his voice  similarity with Yesudas

We use cookies to give you the best possible experience. Learn more