മലയാളത്തിന്റെ പ്രിയഗായകനാണ് മധുബാലകൃഷ്ണന്‍. നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികള്‍ക്കായി അദ്ദേഹം സമ്മാനിച്ചത്. ഗായകനായതിന്റെ പേരില്‍ എന്തെങ്കിലും വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മധു ബാലകൃഷ്ണനിപ്പോള്‍.
ഗായകനാണെന്നതുകൊണ്ട് ഭക്ഷണനിയന്ത്രണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇഷ്ടപ്പെട്ടതെല്ലാം കഴിക്കണമെന്നതാണ് തന്റെ രീതിയെന്നും മധു ബാലകൃഷ്ണന്‍ പറയുന്നു. പാട്ടുപാടുന്നവര്‍ തണുത്തതൊന്നും കഴിക്കരുതെന്ന് പലരും പറയുമെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് റെക്കോര്‍ഡിങ് ഉണ്ടെങ്കില്‍ പോലും തൈരും മോരും പുളിയും എല്ലാം കഴിക്കുമെന്നും ഐസ്‌ക്രീം പോലും ഒഴിവാക്കാറില്ലെന്നും മധു ബാലകൃഷ്ണന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പഴയപാട്ടുകളുടെ വരികളും സംഗീതവുമൊക്കെയായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ടല്ലോ എന്ന ചോദ്യത്തിന് പഴയതിന്റെ അത്ര ഗുണം ഇപ്പോഴില്ലെന്നും എല്ലാത്തിലും ഗുണം കുറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മധു ബാലകൃഷ്ണന്റെ മറുപടി.
എന്തെങ്കിലും എഴുതി കഴിഞ്ഞാല്‍ അത് വേറെ പാട്ടിലുണ്ടാകും. ട്യൂണ്‍ ചെയ്താല്‍ അതും വേറെ പാട്ടിലുണ്ടാവും. ഇപ്പോള്‍ വാക്കുകള്‍ക്കും സംഗീതത്തിനും ക്ഷാമം നേരിടുന്നുണ്ട്.
മലയാള സിനിമയുടെ തുടക്കകാലത്തെ മഹാത്മാക്കള്‍ ഉണ്ടാക്കിവെച്ച പാട്ടുകള്‍ തന്നെയാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്. ദേവരാജന്‍ മാസ്റ്ററേയും അര്‍ജുനന്‍ മാസ്റ്ററേയും ചിദംബരം മാഷേയും പോലുള്ള ശില്‍പ്പികള്‍ ഉണ്ടാക്കിയ പാട്ടുകളാണ് ഇന്നും കാലത്തെ അതിജീവിക്കുന്നത്, മധു ബാലകൃഷ്ണന്‍ പറഞ്ഞു.