| Saturday, 14th December 2024, 8:29 am

സീരിയസായി ഞാന്‍ പാടിയ പാട്ട് ആ ലാലേട്ടന്‍ ചിത്രത്തില്‍ കോമഡിയായി ചിത്രീകരിച്ചു: മധു ബാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ഗായകരിലൊരാളാണ് മധു ബാലകൃഷ്ണന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് മധു കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 100ലധികം ഗാനങ്ങള്‍ മധു ബാലകൃഷ്ണന്‍ പാടിയിട്ടുണ്ട്. 2002ല്‍ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് തന്റെ പേരിലെഴുതി ചേര്‍ക്കാന്‍ മധുവിന് സാധിച്ചു.

താന്‍ പാടിയ പാട്ടുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് മധു ബാലകൃഷ്ണന്‍. ചില പാട്ടുകള്‍ സിനിമയില്‍ മറ്റൊരു വേര്‍ഷനായിട്ട് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ചിലത് ഒഴിവാക്കാറുണ്ടെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു മരുഭൂമിക്കഥ എന്ന സിനിമയില്‍ പാടിയ ‘ഗോപപാലന്നിഷ്ടം’ എന്ന പാട്ട് ഒഴിവാക്കിയെന്നും അത് ഇറങ്ങിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്ന് എം.ജീ ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു.

ചില പാട്ടുകള്‍ പാടിയ രീതിയില്‍ ചിത്രീകരിക്കാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും അത്തരത്തിലൊന്നാണ് ഉടയോനിലെ ‘തിരുവരങ്ങില്‍’ എന്ന പാട്ടെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. ആ പാട്ട് സ്വല്പം ഡെവോഷണലായിട്ട് പാടിയതാണെന്നും എന്നാല്‍ സിനിമയില്‍ അതിനെ കോമഡി ഫ്‌ളേവറില്‍ ചിത്രീകരിച്ചെന്നും മധു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ച് സീരിയസായി വിഷ്വലൈസ് ചെയ്തിരുന്നെങ്കില്‍ ആ പാട്ട് ആളുകള്‍ ശ്രദ്ധിച്ചേനെയെന്നും വേറെ ലെവലില്‍ എത്തിയേനെയെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ പാടിയ പല പാട്ടുകളും വിചാരിച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ഒരു മരുഭൂമിക്കഥയിലെ ‘ഗോപപാലന്നിഷ്ടം’ എന്ന പാട്ട് അതിലൊന്നാണ്. ആ പാട്ട് റിലീസ് ചെയ്തിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്ന് എം.ജി. ശ്രീകുമാര്‍ എന്നോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതുപോലെ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളിലൊന്നാണ് ഉടയോനിലെ ‘തിരുവരങ്ങില്‍’ എന്ന പാട്ട്. കുറച്ച് സീരിയസായി പാടിയ പാട്ടായിരുന്നു. പക്ഷേ വിഷ്വലൈസ് ചെയ്തത് കോമഡിയാക്കി. അല്ലെങ്കില്‍ ആളുകള്‍ ശ്രദ്ധിച്ചേനെ,’ മധു ബാലകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Madhu Balakrishnan about a song in Udayon movie

We use cookies to give you the best possible experience. Learn more