കോഴിക്കോട്: മലയാള സിനിമയിലെ കാരണവരായ മധുവിന് ഇന്ന് 87-ാം പിറന്നാള്‍. 50 വര്‍ഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്.
മലയാള സിനിമയുടെ ശൈശവകാലം തൊട്ടേ അഭിനയരംഗത്തുള്ള മധു ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന സാക്ഷാല്‍ അമിതാഭ് ബച്ചന്റെ ആദ്യസിനിമയില്‍ പ്രധാനകഥാപാത്രങ്ങളിലൊന്ന് മധുവായിരുന്നു ചെയ്തിരുന്നത്.
1969 നവംബര്‍ 7 ന് പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനിയായിരുന്നു അമിതാഭ് ബച്ചന്റെ ആദ്യസിനിമ. ബോളിവുഡിലെ മധുവിന്റെ ആദ്യസിനിമയും ഇതായിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ജനപ്രിയ നടന്‍ എന്ന പേര് മലയാളസിനിമയില്‍ മധു സ്വന്തമാക്കിയിരുന്നു.
കെ.എ അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനി ഇന്ത്യയുടെ ഏഴ് പ്രദേശത്ത് നിന്ന് വന്നവര്‍ പോര്‍ച്ചുഗീസിന്റെ കോളനിഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കഥയാണ് പറഞ്ഞത്. ബംഗാളി ഫുട്‌ബോള്‍ താരമായ ശുബോധ് സന്യാല്‍ എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്.
കവിയായ അന്‍വര്‍ അലിയുടെ കഥാപാത്രമായിരുന്നു ബച്ചന്റേത്. മേരെ സജ്‌നെ, ചകചക് എന്നീ ബോളിവുഡ് പടങ്ങളിലും മധു അഭിനയിച്ചിട്ടുണ്ട്.
മധു ആദ്യം അഭിനയിച്ച മലയാളചിത്രം മൂടുപടമായിരുന്നെങ്കിലും 1963 ല്‍ എത്തിയ നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Madhu Birthday Happy Birthday Madhu