| Sunday, 19th January 2025, 5:32 pm

അതിന് നിന്നു കൊടുക്കാൻ എനിക്ക് താത്‌പര്യമില്ലായിരുന്നു, ഒരു പക്ഷെ എന്നിലെ നടൻ മരിച്ചേനെ: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്.

മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം നായകനായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ തുടങ്ങിയ ഇന്ത്യയിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനോടൊപ്പം സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലും മധു അഭിനയിച്ചിട്ടുണ്ട്.

അന്ന് അങ്ങനെയൊരു അവസരം ബോളിവുഡിൽ കിട്ടിയതിൽ വലിയ അഭിമാനമുണ്ടെന്ന് പറയുകയാണ് മധു. എന്നാൽ മലയാളം ഒഴിവാക്കി ഹിന്ദിയിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ എഴുപതോടുകൂടി തന്നിലെ നടൻ മരിക്കുമായിരുന്നുവെന്നും ഒരു സ്റ്റണ്ട് നടനാവനല്ല താൻ ആഗ്രഹിച്ചതെന്നും മധു പറയുന്നു. ഒറ്റ ചിത്രത്തിലൂടെയെങ്കിലും ഹിന്ദിയിൽ മധു എന്ന നടൻ ഉണ്ടായിരുന്നു എന്നു കേൾക്കുമ്പോളും വലിയ സംതൃപ്തി ഉണ്ടെന്നും മധു കൂട്ടിച്ചേർത്തു.

ഒറ്റ ചിത്രത്തിലൂടെയെങ്കിലും ഹിന്ദിയിൽ മധു എന്ന നടൻ ഉണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ തികഞ്ഞ സംതൃപ്‌തി മാത്രം
– മധു

‘മലയാളത്തിലെ നടീനടൻമാർക്ക് ബോളിവുഡിലേക്ക് ഒരവസരം ലഭിക്കാതിരുന്ന കാലത്താണ് അപ്രതീക്ഷിതമായി സാത്ത് ഹിന്ദുസ്ഥാനിയിലേക്ക് ഞാൻ ക്ഷണിക്കപ്പെടുന്നത്. അന്നും ഇന്നും ആ അവസരത്തിൽ എനിക്കേറെ അഭിമാനമുണ്ട്. ഹിന്ദിയിലേക്ക് വീണ്ടും അവസരം വന്നെങ്കിലും എനിക്ക് താത്പര്യമില്ലായിരുന്നു.

അന്ന് ഞാൻ മലയാളത്തിലെ ‌സുവർണാവസരങ്ങൾ ഒഴിവാക്കി ഹിന്ദിയിൽ തുടർന്നിരുന്നുവെങ്കിൽ ഏറക്കുറെ എഴുപതോടുകൂടി എന്നിലെ നടൻ മരിക്കുമായിരുന്നു. ഒരു സ്റ്റണ്ട് നടനാകാനായിരുന്നില്ല ഞാൻ ഇഷ്ടപ്പെട്ടത്. അവർക്കു വേണ്ടത് ധർമേന്ദ്രയുടെയും മറ്റും പ്രതിനായകനായിവരുന്ന ഒത്ത തടിയും സൗന്ദര്യവുമുള്ള ഒരാളെയായിരുന്നു. അതിനുനിന്നു കൊടുക്കാൻ എനിക്കാവുമായിരുന്നില്ല.

കാശിനെക്കാൾ ഞാൻ ഏറെ വിലമതിച്ചത് ജോലിയുടെ സംത്യപ്‌തിയാണ്. എങ്കിലും സാത്ത് ഹിന്ദുസ്ഥാനിയിലൂടെ നല്ലൊരു ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനേറെ ആഹ്ലാദിക്കുന്നു. മലയാളത്തിൽ പല കഥാപാത്രങ്ങളിലൂടെയും എന്നിലെ നടൻ ഓർമിക്കപ്പെടുന്നു. ഒറ്റ ചിത്രത്തിലൂടെയെങ്കിലും ഹിന്ദിയിൽ മധു എന്ന നടൻ ഉണ്ടായിരുന്നു എന്നു കേൾക്കുമ്പോളും തികഞ്ഞ സംതൃപ്‌തി മാത്രം,’മധു പറയുന്നു.

Content Highlight: Madhu About His Hindhi Film Saath Hindhusthani

We use cookies to give you the best possible experience. Learn more