| Monday, 9th December 2024, 8:00 am

മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്തർ, സിനിമ വെറും കോമേഴ്ഷ്യലാക്കാതെ ഭംഗിയാക്കാൻ ഒരാൾക്ക് നല്ല കഴിവുണ്ട്: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍തന്നെ സിനിമയോടൊപ്പം സഞ്ചരിച്ച് മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മലയാള സിനിമയിലെ പുതിയ ജനറേഷനിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുകയാണ് മധു. രണ്ടുപേരോടും തനിക്കൊരു പ്രത്യേക അടുപ്പമുണ്ടെന്നും നടൻമാർ എന്ന നിലയിൽ മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ വെറും കോമേഴ്ഷ്യലാക്കാതെ ഭംഗിയാക്കാൻ മോഹൻലാലിനൊരു കഴിവുണ്ടെന്നും പണ്ടത്തെ സത്യൻ മാഷെയും പ്രേം നസീറിനെയും പോലെയാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇളം തലമുറയിലുള്ള ഒരുപാട് നല്ല അഭിനേതാക്കളുണ്ട്. പക്ഷെ എനിക്ക് നല്ല അടുപ്പമുള്ളതും ഞാൻ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളതും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊപ്പമാണ്. രണ്ടുപേരോടും എനിക്ക് പ്രത്യേക താത്‌പര്യമുണ്ട്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നമുക്ക് കിട്ടിയ ഭാഗ്യങ്ങളാണ് രണ്ടാളുകളും.

നടൻമാർ എന്ന നിലയിൽ രണ്ടാളുകളും വ്യത്യസ്‍തരാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരു സിനിമ വെറും കോമേഴ്ഷ്യലാക്കാതെ ഭംഗിയാക്കാൻ മോഹൻലാലിനൊരു കഴിവുണ്ട്. കൃത്യമായി പറയുകയാണെങ്കിൽ രണ്ടുപേരോടും എനിക്ക് വളരെ അടുത്ത ബന്ധമാണ്. എന്റെ രണ്ട് ഇളയ സഹോദരന്മാരാണ്. സത്യൻ സാറും പ്രേം നസീറും എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഇനിയും മലയാള സിനിമയ്ക്ക് കൂടുതൽ സംഭാവന നൽകട്ടേയെന്ന് ഞാൻ ആഗ്രഹിക്കുന്നു,’മധു പറയുന്നു.

അതേസമയം മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചുവരുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആക്ഷൻ ത്രില്ലറായി അണിയറയിൽ ഒരുങ്ങുന്ന സിനിമയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവരും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Madhu About Acting Of Mohanlal And Mammootty

We use cookies to give you the best possible experience. Learn more