|

ലോക സിനിമയിലെ തന്നെ മാജിക് ആക്ടർ, ഏതു രസങ്ങളും ആവിഷ്‌കരിക്കാനാവുന്ന ഒരേയൊരു നടനാണയാൾ: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്.

മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം നായകനായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്കൊപ്പവും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. നരൻ, നാടുവാഴികൾ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

നാടകത്തോടുള്ള മോഹൻലാലിൻറെ താത്പര്യം കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സിനിമയിൽ ഹാർഡ് വർക്ക് ചെയ്യുമ്പോഴും നാടകത്തിലേക്ക് ആവേശപൂർവമാണ് മോഹൻലാൽ കടന്ന് വന്നിരുന്നതെന്നും മധു പറഞ്ഞു. ഏതു രസങ്ങളും ആവിഷ്‌കരിക്കാനാവുന്ന ഒരേയൊരു നടൻ മോഹൻലാലാണെന്നും ലോകസിനിമയിലെതന്നെ ഒരു മാജിക് ആക്ട‌റാണ് അദ്ദേഹമെന്നും മധു കൂട്ടിച്ചേർത്തു.

‘നാടകത്തിൻ്റെ പാരമ്പര്യമൊന്നും ലാലിന് അവകാശപ്പെടാനില്ല. എന്നിട്ടും നാടകത്തോടുള്ള ലാലിൻ്റെ താത്പര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ രാവും പകലും കഠിനാധ്വാനം ചെയ്യുമ്പോഴും നാടകത്തിൻ്റെ അരങ്ങിലേക്ക് ആവേശപൂർവമാണ് ലാൽ കടന്നുവന്നത്. ‘കർണ്ണഭാര’ത്തിന് വേണ്ടി എന്തു മാത്രം കഷ്ടപ്പാടുകളാണ് ലാൽ അനുഭവിച്ചത്.

സംസ്‌കൃതമറിയാത്ത ലാൽ നാടകത്തിനുവേണ്ടി സംസ്‌കൃതം പഠിച്ചു കർണ്ണനായി പകർന്നാടി. മുകേഷിനൊപ്പം ചേർന്ന് ‘ഛായാമുഖി’ അരങ്ങിലെത്തിച്ചു. ലാലിൻ്റെ മനസ്സിൽ ഇപ്പോഴും അരങ്ങിനോടുള്ള പ്രണയമുണ്ട്. സിനിമയുടെ തിരക്കിനിടയിലും ലാൽ കാണിക്കുന്ന സത്യസന്ധമായ ഈ ആത്മാവിഷ്കാരം നാടക പ്രവർത്തകർക്ക് പ്രചോദനവുമാണ്.

അഭിനയത്തിന്റെ ഏതു കൊടുമുടികൾ താണ്ടുമ്പോഴും ലാൽ ഞാൻ പരിചയപ്പെട്ട ലാൽ തന്നെയാണ്, സ്നേഹം, വിനയം, ധർമ്മം, കർമ്മം എന്തിലും ലാൽ എന്നും മുന്നിലാണ്. നടനെന്ന നിലയിൽ ഏതു വേഷത്തിലേക്കും പാകപ്പെടുത്താവുന്ന ആ ശരീരഭാഷ തീർച്ചയായും ഒരു നവരസനായകൻ്റെതാണ്. ഏതു രസങ്ങളും ആവിഷ്‌കരിക്കാനാവുന്ന ഒരേയൊരു നടൻ. മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിലെന്നല്ല ലോകസിനിമയിലെതന്നെ ഒരു മാജിക് ആക്ട‌റാണ് ലാൽ. അത് വിശ്വ മലയാളത്തിൻ്റെ പുണ്യവുമാണ്,’മധു പറയുന്നു.

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോടൊപ്പവും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള മോഹൻലാൽ സിനിമ. തരുൺ മൂർത്തിയുമായി ആദ്യമായി ഒന്നിച്ച തുടരും എന്ന സിനിമയും ഈ വർഷത്തെ മോഹൻലാൽ റിലീസാണ്.

Content Highlight: Madhu About Acting Of Mohanlal