ഹൈദരബാദ്: വോട്ടെടുപ്പിനിടെ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാധവി ലതക്കെതിരെ കേസ്. ഹൈദരബാദ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാധവി ലതക്കെതിരെ മാലക്‌പേട്ട് പൊലീസാണ് കേസെടുത്തത്.
ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം യുവതിയോട് സ്ഥാനാര്‍ത്ഥി ബുര്‍ഖ മാറ്റാന്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ഹൈദരബാദ് കളക്ടര്‍ ആണ് മാധവി ലതക്കെതിരെ കേസെടുത്ത വിവരം എക്‌സില്‍ പങ്കുവെച്ചത്. വോട്ട് ചെയ്യാനെത്തിയ യുവതിയോട് ഐ.ഡി കാര്‍ഡ് ആവശ്യപ്പെട്ടതിന് ശേഷം സ്ഥാനാര്‍ത്ഥി മുഖാവരണം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നടപടിയെ ന്യായീകരിച്ച് മാധവി ലത രംഗത്തെത്തി. ‘ഞാന്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്. വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ ഐ.ഡി കാര്‍ഡ് പരിശോധിക്കാന്‍ എനിക്ക് അവകാശമുണ്ട്. എളിമയോടെയാണ് ഞാന്‍ അവരോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്,’ മാധവി ലത പറഞ്ഞു.
എന്നാല്‍ പൊലീസിനെയും പോളിങ് ഉദ്യോഗസ്ഥരെയും വെറും കാഴ്ചക്കാരാക്കി നിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥി മുസ്‌ലിം യുവതികളോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്.
മണ്ഡലത്തില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് മാധവി ലത അനധികൃതമായി പോളിങ് ബൂത്തില്‍ കയറി പരിശോധന നടത്തിയത്. വോട്ടിങ് തടസപ്പെടുത്തിയാണ് പരിശോധന നടന്നതെന്നും വോട്ടര്‍മാരോടെല്ലാം മുഖാവരണം മാറ്റാന്‍ ഇവര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
മുഖാവരണം നീക്കിയിട്ടും മാധവി ലത അത് അംഗീകരിക്കാതെ വോട്ടര്‍മാരോട് കയര്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഹൈദരബാദില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥി അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്.
നേരത്തെ ഹൈദരബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചതിനും വിദ്വേഷ പരാമര്‍ശം നടത്തിയതിനും മാധവി ലതക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Content Highlight: Madhavi Latha checks voter ID of Muslim women at polling booth