|

സത്യസന്ധനായ നടന്‍; അവനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ സ്‌ട്രെസ് തോന്നില്ല: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മാധവന്‍. അലൈപായുതേ (2000) എന്ന മണിരത്നം ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ചോക്ലേറ്റ് ഹീറോ ആയി എത്തിയ മാധവന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, ജയ് ജയ്, തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദ ടെസ്റ്റ് എന്ന തമിഴ് സിനിമയാണ് മാധവന്‍ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നെറ്റ്ഫ്ളിക്സിലാണ് ഈ സിനിമ റിലീസിനെത്തുന്നത്.

മാധവന് പുറമെ മീര ജാസ്മിന്‍, സിദ്ധാര്‍ത്ഥ്, നയന്‍താര തുടങ്ങിയ മികച്ച താരനിരയാണ് ഈ സിനിമയില്‍ ഉള്ളത്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള മാധവന്റെ മൂന്നാമത്തെ ചിത്രമാണ് ടെസ്റ്റ്.

അതിന് മുമ്പ് ആയുധ എഴുത്ത് (2004), രംഗ് ദേ ബസന്തി (2006) എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിദ്ധാര്‍ത്ഥിനെ കുറിച്ച് പറയുകയാണ് മാധവന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്കും സിദ്ധാര്‍ത്ഥിനും ടെസ്റ്റ് സിനിമയില്‍ വളരെ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സിദ്ധാര്‍ത്ഥിന്റെ കൂടെ മുമ്പേ തന്നെ രണ്ട് ഐക്കോണിക് സിനിമകള്‍ ഞാന്‍ ചെയ്ത് കഴിഞ്ഞു. ആയുധ എഴുത്തും രംഗ് ദേ ബസന്തിയും.

എന്നെ കുറിച്ച് ഒരു പരിപാടിയില്‍ അവന്‍ വളരെയധികം പുകഴ്ത്തി സംസാരിച്ചിരുന്നു. അതിന് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് എനിക്ക് സത്യത്തില്‍ അറിയില്ല. സിദ്ധാര്‍ത്ഥ് വളരെ സത്യസന്ധനായ നടനാണ്.

നല്ലൊരു അസോസിയേറ്റ് ഡയറക്ടറുമാണ്. സിദ്ധാര്‍ത്ഥിനോട് ഒരിക്കലും നീ എന്താണ് ലേറ്റായി വന്നതെന്നോ എന്തിനാണ് ഈ ആറ്റിറ്റിയൂഡെന്നോ എന്തുകൊണ്ടാണ് കമ്മിറ്റ്‌മെന്റ് ഇല്ലാത്തതെന്നോ ചോദിക്കേണ്ടി വന്നിട്ടില്ല.

സിദ്ധാര്‍ത്ഥിന്റെ മനസ് വളരെ ക്ലീനാണ്. പെട്ടെന്ന് എടുത്ത് ചാടി സംസാരിക്കുമെങ്കിലും മനസില്‍ ഒന്നും വെക്കാത്ത ആളാണ് അവന്‍. സിദ്ധാര്‍ത്ഥിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരിക്കലും നമുക്ക് സ്‌ട്രെസ് തോന്നില്ല,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About Siddharth