Film News
സുന്ദരിയായ മാലിദ്വീപ് യുവതിയും ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റും, ജയിംസ് ബോണ്ട് സ്‌റ്റോറിയെടുക്കാമെന്നാണ് വിചാരിച്ചത്, നമ്പി നാരായണനെ കണ്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 20, 09:26 am
Monday, 20th June 2022, 2:56 pm

നമ്പി നാരായണന്റെ ജീവിത കഥ സിനിമയാകുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. നടന്‍ മാധവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. നമ്പി നാരായണന്റെ കഥ സിനിമയാക്കുന്നതിലേക്ക് എത്തിയതിനെ പറ്റി മനോരമ ന്യൂസിലെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയാണ് മാധവന്‍.

‘ഈ സിനിമ സംവിധാനം ചെയ്തത് ഒരു ധീരതയുടെ പുറത്തല്ല, അതിന്റെ ആവശ്യം വന്നതുകൊണ്ടാണ്. എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്നില്ലായിരുന്നു. നമ്പി നാരായണന്റെ കഥ ഞാന്‍ നേരത്തെ കേട്ടിരുന്നു. മാലിദ്വീപിലെ സ്ത്രീയുമായി ഒരു അഫെയറുള്ള സയന്റിസ്റ്റ്. അതുകൊണ്ട് അദ്ദേഹത്തെ ജയിലിലിടുന്നു. ഇതൊരു ജയിംസ് ബോണ്ട് സ്‌റ്റോറിയാകുമെന്നാണ് വിചാരിച്ചത്. സുന്ദരിയായ മാലിദ്വീപ് യുവതിയും ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റും. അതുപോലെയൊരു കഥ ചെയ്യാമെന്നാണ് വിചാരിച്ചത്.

എന്നാല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ കാര്യങ്ങളാകെ മാറി മറിഞ്ഞു. ഇതൊരു സാധാരണ കഥയല്ലെന്ന് എനിക്ക് മനസിലായി. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും വലിയ അഭിമാനത്തോടെയല്ല അദ്ദേഹം പറയുന്നത്. വികാസ് എഞ്ചിന്‍ വികസിപ്പിച്ചതൊക്കെ സാധാരണ കാര്യം പോലെ പറഞ്ഞു. എന്നാല്‍ തന്റെ മേല്‍ വന്ന കേസില്‍ അദ്ദേഹത്തിന് എപ്പോഴും ദേഷ്യമായിരുന്നു. കേസിനെ പറ്റി ഓര്‍ക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനും വികാരാധീനനുമായി. അദ്ദേഹത്തിന്റെ കഥ കേട്ടതിന് ശേഷം ഞാന്‍ അത് എഴുതാന്‍ തീരുമാനിച്ചു.
എനിക്ക് സംവിധാനം ചെയ്യണമെന്നില്ലായിരുന്നു.

നമ്പി നാരായണന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ മനസിലാക്കിയതിനാലാണ് ഞാന്‍ അദ്ദേഹത്തിന്റെ കഥ എഴുതിയത്. എന്താണ് വികാസ് എഞ്ചിന്‍, അതിന്റെ മേന്മ എന്താണ്? ഇത്രയും കാലമായി വികാസ് എഞ്ചിന്‍ എന്തുകൊണ്ട് പരാജയപ്പെടുന്നില്ല ഇതെല്ലാം അറിയാം. 80തോളം മിഷനുകള്‍ വികാസ് എഞ്ചിന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വികാസ് എഞ്ചിന്‍ ഇല്ലാതെ ഇസ്രോ നടത്തിയ ഒരു മിഷനുമില്ല. മംഗള്‍യാനും, ചന്ദ്രയാനുമെല്ലാം, അതെല്ലാം എനിക്ക് അത്ഭുതമായി തോന്നി. എനിക്ക് ആ സാങ്കേതിക വിദ്യ മനസിലായി, അങ്ങനെയാണ് ഞാന്‍ അത് എഴുതുന്നത്,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan talks about how Nambi Narayanan’s story came to be made into a film