| Friday, 11th October 2024, 12:53 pm

എന്റെയും ആ നടന്റെയും ശരീരപ്രകൃതംകൊണ്ട് രജിനി സാറിന്റെ സിനിമകള്‍ പോലുള്ളത് ചെയ്യാന്‍ കഴിയില്ല: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിച്ച് തുടങ്ങിയ കാലങ്ങളില്‍ തന്നെ തേടി കൂടുതലും റൊമാന്റിക് സിനിമകളാണ് വന്നതെന്ന് മാധവന്‍ പറയുന്നു. അലൈ പായുതെയും മിന്നലെയുമൊക്കെ വിജയിച്ചതുകൊണ്ടാകാം റൊമാന്റിക് സിനിമകള്‍ വന്നതെന്നും റൊമാന്റിക് ഹീറോ എന്ന ടാഗ് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയായിരുന്നു മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ രജിനികാന്ത് ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ തനിക്ക് ചെയ്യാന്‍ കഴിയില്ലെന്നും കാരണം ഗ്രാമീണ യുവാവായി തന്നെ കാണിച്ചാല്‍ അത് ആളുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. തന്റെയും അരവിന്ദ് സ്വാമിയുടേയുമെല്ലാം ശരീരപ്രകൃതി അതിന് യോജിച്ചതല്ലെന്നും ഓരോ ഘട്ടത്തിലും തനിക്ക് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡാന്‍സ് കളിക്കുകയും പാട്ട് പാടുകയും ചെയ്യേണ്ടതില്ലാത്ത എല്ലാ മേഖലകളും എനിക്ക് ഇഷ്ടമാണ്. ഞാന്‍ അഭിനയിച്ച് തുടങ്ങിയ ആദ്യഘട്ടത്തില്‍ റൊമാന്റിക് സിനിമകളായിരുന്നു കൂടുതലും തേടിവന്നത്. അലൈ പായുതെയും മിന്നലെയുമൊക്കെ നേടിയ വന്‍വിജയമാകാം അതിനു കാരണം.

റൊമാന്റിക് ഹീറോ എന്ന ടാഗ് ലൈന്‍ ബ്രേക്ക് ചെയ്യണം എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ പിന്നീട് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന മണി സാറിന്റെ സിനിമ ചെയ്തത്. അതിലെ അച്ഛന്റെ വേഷം എനിക്കൊരു ബ്രേക്ക് തന്നെ സമ്മാനിച്ചു. എനിക്ക് എന്റെ പരിമിതികളെ കുറിച്ച് ധാരണയുണ്ട്. തമിഴില്‍ രജിനി സാര്‍ ചെയ്യുന്ന പോലുള്ള സിനിമകള്‍ ചെയ്യാന്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്നെനിക്ക് അറിയാം.

കാരണം ദരിദ്രനായ ഗ്രാമീണയുവാവായി എന്നെ കാണിച്ചാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല. എന്റെയും അരവിന്ദ് സാമിയുടെയും ഒന്നും ശരീരപ്രകൃതി അത്തരം റോളുകള്‍ക്ക് യോജിച്ചതല്ല. ഓരോ ഘട്ടത്തില്‍ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുത് സുട്, ത്രീ ഇഡിയറ്റ്‌സ്, രംഗ് ദേ ബസന്തി, വിക്രം വേദ. നല്ല സിനിമകളെല്ലാം ഉണ്ടായത് അങ്ങനെയാണ്. ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About His Movies

We use cookies to give you the best possible experience. Learn more