|

തമിഴ് സിനിമയെന്ന് പറഞ്ഞ് ലോകത്തിന് മുമ്പില്‍ വെക്കാന്‍ കഴിയുന്ന നാല് ചിത്രങ്ങള്‍ ഇതൊക്കെയാണ്‌: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്നം ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തിയ നടന്മാരിലൊരാളാണ് മാധവന്‍. അലൈപായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മിന്നലേ എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് ഹീറോ ഇമേജ് സ്വന്തമാക്കിയ മാഡി, റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മാധവന്‍ സംവിധാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ചു.

തനിക്കിഷ്ടപ്പെട്ട തമിഴ് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. സംസാരം ഒരു മിന്‍സാരം, തേവര്‍ മകന്‍, കന്നതില്‍ മുത്തമിട്ടാല്‍, പരാശക്തി തുടങ്ങിയ സിനിമകള്‍ ലോകത്തിന് മുന്നില്‍ ഇതാണ് തമിഴ് സിനിമ എന്ന് പറഞ്ഞ് കാണിക്കാന്‍ കഴിയുമെന്ന് മാധവന്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസാരം ഒരു മിന്‍സാരം, തേവര്‍ മകന്‍, കന്നതില്‍ മുത്തമിട്ടാല്‍, പരാശക്തി തുടങ്ങിയ സിനിമകളായിരിക്കും ഞാന്‍ ഇതാണ് തമിഴ് സിനിമ എന്ന് പറഞ്ഞ ഞാന്‍ ലോകത്ത് മുന്നില്‍ വെക്കുന്ന നാല് സിനിമകള്‍. നാലും വളരെ മനോഹരമായ ചിത്രങ്ങളാണ്.

ഞാന്‍ ജംഷഡ്പൂരിലാണ് വളര്‍ന്നത്. അവിടെ മദ്രാസി തിയേറ്റര്‍ എന്ന സ്ഥലത്ത് ആഴ്ചയില്‍ ഒരിക്കല്‍ തമിഴ് സിനിമ പ്രദര്‍ശിപ്പിക്കും. ആ സിനിമകളില്‍ കൂടുതലും സെന്തമിഴായിരിക്കും സംസാരിക്കുക. നമുക്കാണെങ്കില്‍ അങ്ങനെയുള്ള തമിഴ് മനസിലാകുകയും ഇല്ല.

കാരണം അങ്ങനത്തെ തമിഴ് നമ്മള്‍ സംസാരിക്കാറില്ലലോ. രജിനി സാറിന്റെ സിനിമയെല്ലാം അതിലുണ്ടാകും. എന്നാല്‍ കമല്‍ ഹാസന്‍ സാറിന്റെ സിനിമ വരാന്‍ തുടങ്ങിയതിന് ശേഷം എനിക്ക് തമിഴ് മനസിലാകാന്‍ തുടങ്ങി,’ മാധവന്‍ പറയുന്നു.

ലോകത്തിന് മുമ്പില്‍ കാണിക്കാന്‍ താന്‍ തെരഞ്ഞെടുക്കുന്ന നാല് തമിഴ് സിനിമകളെ കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥും സംസാരിച്ചു. ആയിരത്തില്‍ ഒരുവന്‍, 16 വയതിനിലെ, തേവര്‍ മകന്‍, ഇരുവര്‍ എന്നീ ചിത്രങ്ങളായിരിക്കും അവയെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

ആയിരത്തില്‍ ഒരുവന്‍, 16 വയതിനിലെ, തേവര്‍ മകന്‍, ഇരുവര്‍ എന്നീ സിനിമകളായിരിക്കും ഞാന്‍ പറയുക. അതില്‍ തന്നെ ഇരുവര്‍ എന്റെ പേഴ്‌സണല്‍ ഫേവറിറ്റാണ്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: Madhavan Talks About his favorite Tamil Cinema