അവസാന ഷോട്ടിന്റെ സമയത്ത് ഇനി ഈ മനുഷ്യനെ ഇങ്ങനെ കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: മാധവന്‍
Entertainment
അവസാന ഷോട്ടിന്റെ സമയത്ത് ഇനി ഈ മനുഷ്യനെ ഇങ്ങനെ കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st June 2024, 6:17 pm

തമിഴിലും മലയാളത്തിലും ഹിന്ദിയിലും മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് മാധവന്‍. രണ്ട് തവണ മികച്ച നടനുള്ള തമിഴനാട് സംസ്ഥാന അവാര്‍ഡ് നേടിയ മാധവന്‍ നമ്പി നാരായണന്റെ ബയോപിക് സംവിധാനം ചെയ്ത് അഭിനയിക്കുകയും മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടുകയും ചെയ്തു. താരത്തിന്റെ കരിയറില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയ ചിത്രമായിരുന്നു 2003ല്‍ പുറത്തിറങ്ങിയ അന്‍പേ ശിവം.

ചിത്രത്തില്‍ കമല്‍ ഹാസനുമായുള്ള ഷൂട്ടിങ് അനുഭവം താരം പങ്കുവെച്ചു. നല്ല ശിവം എന്ന കഥാപാത്രമായി മേക്കപ്പ് ഇട്ട് കമല്‍ ഹാസന്‍ വരുമ്പോള്‍ ആ കഥാപാത്രമായി മാത്രമാണ് താന്‍ കമല്‍ ഹാസനെ കാണാറുള്ളതെന്നും ഷൂട്ട് തീരുമ്പോള്‍ നല്ല ശിവം എന്ന കഥാപാത്രത്തെ ഇനി ജീവനോടെ കാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടമായിരുന്നു തന്റെ ഉള്ളിലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ ഈ കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ആറ് മാസത്തോളമാണ് അന്‍പേ ശിവം എന്ന സിനിമക്ക് വേണ്ടി ചെലവാക്കിയത്. എന്റെ എല്ലാ സീനും കമല്‍ സാറിന്റെ കൂടെയായിരുന്നു. നല്ല ശിവം എന്ന ഹാന്‍ഡികാപ്ഡ് ആയിട്ടുള്ള ആളായിട്ട് മേക്കപ്പ് ചെയ്ത് കമല്‍ സാര്‍ വരുമ്പോള്‍ എനിക്ക് കമല്‍ സാറിനെ കാണാന്‍ സാധിച്ചിരുന്നില്ല. നല്ല ശിവവുമായിട്ടായിരുന്നു ആറ് മാസം എന്റെ യാത്ര.

സിനിമയില്‍ അന്‍പരസും നല്ല ശിവവും അവസാനമായി കാണുന്ന ഷോട്ട് തന്നെയാണ് ഏറ്റവും അവസാനം ഷൂട്ട് ചെയ്തത്. ആ സമയത്ത് എന്റെ വിഷമം, ഇനി ഈ മനുഷ്യനെ, അതായത് നല്ല ശിവം എന്ന കഥാപാത്രത്തെ ജീവനോടെ കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു. കമല്‍ സാറിനെ ഞാന്‍ ഇനിയും ഒരുപാട് തവണ കാണും. പക്ഷേ നല്ല ശിവം എന്ന കഥാപാത്രവുമായി ഉള്ള കണക്ഷന്‍ എന്നെ കരയിപ്പിച്ചു,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan shares the experience of Anbe Sivam movie