ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകനെ തന്റെ മകന്‍ വേദാന്തുമായി താരതമ്യം ചെയ്യുന്ന ചര്‍ച്ചകളിലേക്ക് ഇന്ധനം പകരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാധവന്‍. സോഷ്യല്‍ മീഡിയ മീമുകള്‍ ആളുകളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് ആരും ചിന്തിക്കാറില്ലെന്നും മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ മാധവന്‍ പറഞ്ഞു.
ലഹരി മരുന്നു കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനെയും വേദാന്തിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാധവന്‍.
‘അച്ഛനേയും മകനേയും കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ വാര്‍ത്തകളോ മീമുകളോ ആക്കും. എന്നാല്‍ ആരെയാണ് വേദനിപ്പിക്കുന്നതെന്നും എത്രത്തോളം വേദനിപ്പിക്കുന്നതെന്നും ചിന്തിക്കാറില്ല. ആ ചര്‍ച്ചകളിലേക്ക് ഇന്ധനം പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ അച്ഛന്‍മാരും മക്കളെ ഓര്‍ത്ത് അഭിമാനിക്കാറാണുള്ളത്. മക്കള്‍ വേദനകളിലൂടെ കടന്നു പോകുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കില്ല.
0.01 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അതില്‍ ആളുകള്‍ എന്ത് ചെയ്യുന്നു എന്നതിനെ പറ്റിയാണ് ലോകം മുഴുവന്‍ ചിന്തിക്കുന്നത്. ചെറിയൊരു ശതമാനം മാത്രമാണ് ട്വിറ്ററില്‍ ഉള്ളത്. അതല്ല ഇന്ത്യ. ഇന്ത്യ നിങ്ങളെ പറ്റി അങ്ങനെയല്ല ചിന്തിക്കുന്നത്. അത് മനസിലാക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയുടെ പ്രഷറിനെ പറ്റി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരില്ല.
എന്റെ മകന്‍ നേരത്തെ തന്നെ സെലിബ്രിറ്റിയായി. എന്നാല്‍ അതൊരു അഡ്വാന്റേജല്ല, ശാപമാണ്. കാരണം സെലിബ്രിറ്റികളുടെ മക്കളില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കപ്പെടും. അതിനാല്‍ ഇതൊരു അനുഗ്രഹമായി കണക്കാക്കാതെ ശാപമായി കരുതേണ്ടി വരും. അവര്‍ തെളിയിക്കേണ്ടി വരും. എല്ലാ ദിവസവും അവനെ എന്നോട് താരതമ്യപ്പെടുത്തും.
ഭാഗ്യവാശാല്‍ അവന്‍ ഫിലിം ഇന്‍ഡസ്ട്രിയിലല്ല, സ്വിമ്മറാണ്. എങ്കില്‍ പോലും അവന്റെ ചെറിയൊരു നേട്ടം മറ്റ് സ്വിമ്മേഴ്‌സിനെക്കാളും ശ്രദ്ധിക്കപ്പെടും. കാരണം അവന്‍ എന്റെ മകനാണ്. അതിനാല്‍ വിജയത്തെ പ്രശസ്തിയുമായി തുലനം ചെയ്യരുതെന്ന് അവനോട് എപ്പോഴും പറയാറുണ്ട്. വിജയം കഠിനാധ്വാനത്തിന്റെ ഫലമാണ്. പ്രശസ്തി ആ വിജയത്തിന്റെ ഫലമാണ്,’ മാധവന്‍ പറഞ്ഞു.
Content Highlight: Madhavan says he does not want to fuel discussions that compare Shah Rukh Khan’s son with his son Vedaant