| Saturday, 16th March 2019, 12:24 pm

''സോണിയാ ഗാന്ധിയെ ബാര്‍ ഡാന്‍സറാക്കിയപ്പോഴും മന്‍മോഹന്‍ സിങ്ങിനെ അപമാനിച്ചപ്പോഴും താങ്കള്‍ എവിടെയായിരുന്നു''; ബി.ജെ.പിയെ പിന്തുണച്ചുകൊണ്ടുള്ള നടന്‍ മാധവന്റെ ട്വീറ്റിന് പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിസഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയ നടന്‍ മാധവന്റെ ട്വീറ്റിന് പൊങ്കാല.

രാഷ്ട്രീയമില്ലെന്ന് പറയുന്ന താങ്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴേക്ക് അസ്വസ്ഥനാകുന്നെന്നും സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിങ്ങിനേയും ബി.ജെ.പിക്കാന്‍ അപമാനിച്ചപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്ന ചോദ്യവുമാണ് ട്വിറ്ററില്‍ പലരും ഉന്നയിക്കുന്നത്.

നരേന്ദ്ര മോദിയും ചൈനസീ പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുകൊണ്ടുള്ള ട്രോള്‍ വീഡിയ ആയിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ചൈനീസ് പ്രസിഡന്റിന് മുന്നില്‍ ഇന്ത്യയുടെ വിലകളയുന്ന രീതിയില്‍ പെരുമാറുന്ന മോദിയെയായിരുന്നു വിഡിയോയില്‍ ചിത്രീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മാധവന്‍ എത്തിയത്.

രാഷ്ട്രീയമായി എന്തൊക്കെ വിയോജിപ്പ് ഉണ്ടെങ്കിലും നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചൈനയ്ക്ക് മുന്‍പില്‍ ഈ രാജ്യത്തിന്റെ വില കളയുകയുന്നതാണ് ഇത്തരം വീഡിയോകളെന്നും ഇത് നമുക്ക് ചീത്തപ്പേരാണെന്നുമായിരുന്നു മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


“എല്ലാവരും ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു” ബാലാകോട്ട് ആക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് നഷ്ടം സംഭവിച്ചെന്ന ഇന്ത്യയുടെ അവകാശവാദം തള്ളി മസൂദ് അസര്‍


ഇതോടെ മാധവന്റെ ട്വീറ്റിനെ എതിര്‍ത്തം അനുകൂലിച്ചും ആളുകള്‍ എത്തി. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചെയ്തുകൂട്ടിയതിന്റെ ഒരംശം പോലും കോണ്‍ഗ്രസ് ചെയ്യുന്നില്ലെന്നുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചപ്പോഴും സോണിയാ ഗാന്ധിയെ ഐറ്റം ഡാന്‍സറായി ബി.ജെ.പി ചിത്രീകരിച്ചപ്പോഴും താങ്കളുടെ പ്രതികരണമൊന്നും കണ്ടില്ലല്ലോയെന്നുമായിരുന്നു ട്വിറ്ററില്‍ ചിലര്‍ ഉന്നയിച്ച ചോദ്യം.

പപ്പു ജോക്ക്‌സ് എന്ന പേരില്‍ ബി.ജെ.പി അസഭ്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച കാര്യവും ചിലര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരസ്പരം കരിവാരിത്തേക്കുന്നത് രാഷ്ട്രീയത്തില്‍ പതിവാണെന്നും താങ്കള്‍ക്ക് രാഷ്ട്രീയത്തില്‍ പരിചയമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിര്‍ത്ത വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്.

പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശനയതന്ത്രത്തിന്റെ തുടര്‍ച്ചയായ പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റിനെ ഭയമാണെന്നും ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കുപോലും മോദി ഉരിയാടിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഷീ ജിങ് പിങ്ങിനൊപ്പം ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

We use cookies to give you the best possible experience. Learn more