ചോക്ലേറ്റ് ഹീറോയായി സിനിമയിലേക്കെത്തി തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായ ആളാണ് മാധവന്‍. അലൈപായുതേ, മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ ലിംഗുസാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
ഹിന്ദി സീരിയലുകളിലൂടെയാണ് മാധവന്‍ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മാധവന്‍. ഹിന്ദി സീരിയലില്‍ 1000ത്തിന് മുകളില്‍ എപ്പിസോഡ് ചെയ്തതുകൊണ്ട് താന്‍ ഓവര്‍ എക്‌സ്‌പോസ്ഡായെന്ന് ചിലര്‍ തന്നോട് പറഞ്ഞിരുന്നെന്ന് മാധവന്‍ പറയുന്നു.
നടനാകുമോ എന്ന് പോലും അറിയാതെയാണ് താന്‍ ഇത്രയും ദൂരം എത്തിയതെന്ന് അവര്‍ക്ക് മറുപടി നല്‍കിയെന്നും അങ്ങനെ സിനിമയില്‍ അത്യാവശ്യം നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് തമിഴില്‍ സിനിമകള്‍ ചെയ്യുന്നതുകൊണ്ട് ഹിന്ദിയില്‍ തനിക്കിന് ചാന്‍സ് കിട്ടില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടെന്നും മാധവന്‍ പറഞ്ഞു.
പിന്നീട് ഹിന്ദിയിലേക്ക് പോയപ്പോള്‍ തമിഴ് ഹീറോയായതുകൊണ്ട് ഹിന്ദിയില്‍ നായകനാകാന്‍ സാധിക്കില്ലെന്ന് ചിലര്‍ പറഞ്ഞെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. തളര്‍ത്തണമെന്ന ലക്ഷ്യത്തോടെ പലരും നെഗറ്റീവ് പറയുമെന്നും അതിനൊന്നും താന്‍ ചെവി കൊടുക്കാറില്ലെന്നും മാധവന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു മാധവന്‍.
‘സീരിയലില്‍ നിന്നാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. അതും തമിഴല്ല, ഹിന്ദി സീരിയല്‍ കണ്ടിട്ടാണ് എന്നെ ആദ്യ സിനിമയിലേക്ക് വിളിച്ചത്. ഏതാണ്ട് 1000ത്തിന് മുകളില്‍ എപ്പിസോഡുകള്‍ വന്ന സീരിയലായിരുന്നു അത്. സീരിയലില്‍ ഓവര്‍ എക്‌സ്‌പോസായി, സിനിമയില്‍ അധികം പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് ചിലര്‍ അന്ന് പറഞ്ഞു. നടനാകുമെന്ന് പോലും കരുതാത്ത ഞാന്‍ ഇത്രയും എത്തിയില്ലേ എന്ന് തിരിച്ചുചോദിച്ചു.
തമിഴില്‍ ഒരുപാട് സിനിമകള്‍ കിട്ടിയപ്പോള്‍ ഇനി ഹിന്ദിയിലേക്ക് ആരും വിളിക്കാന്‍ ചാന്‍സില്ലെന്ന് കുറേപ്പേര്‍ പറഞ്ഞു. പിന്നീട് ഹിന്ദിയിലേക്ക് അവസരം കിട്ടിയപ്പോള്‍ തമിഴ് ഹീറോയായതുകൊണ്ട് നായകനാകാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. അവരുടെയെല്ലാം ലക്ഷ്യം നെഗറ്റീവ് പറയുക എന്നത് മാത്രമാണ്. അതിനെ മൈന്‍ഡ് ചെയ്യാതെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്,’ മാധവന്‍ പറഞ്ഞു.
Content Highlight: Madhavan about his acting career