| Tuesday, 8th October 2024, 11:38 am

അച്ഛന് പൊലീസ് പ്രൊട്ടക്ഷന്‍ ആകാമായിരുന്നു; പിന്നെ മീഡിയക്കാര്‍ക്ക് അടുക്കാന്‍ പറ്റില്ല: മാധവ് സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ആദ്യമായി നായകനായ ചിത്രമാണ് കുമ്മാട്ടിക്കളി. ആര്‍.കെ. വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഇത്. ചിമ്പു, വിജയ് തുടങ്ങിയവരുടെ ഹിറ്റ് സിനിമകളിലൂടെ ഏറേ ശ്രദ്ധേയനായ വ്യക്തിയാണ് ആര്‍.കെ. വിന്‍സെന്റ് സെല്‍വ.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയെ കുറിച്ച് പറയുകയാണ് മാധവ് സുരേഷ്. തന്റെ അച്ഛന്‍ ഒരു യൂണിയന്‍ മിനിസ്റ്ററാണെന്നും അദ്ദേഹത്തിന് രണ്ട് ചോയ്‌സുകളുണ്ടെന്നും മാധവ് പറയുന്നു. അച്ഛന് വേണമെങ്കില്‍ പൊലീസ് പ്രൊട്ടക്ഷന്‍ കൊണ്ടുവരാന്‍ പറ്റുമെന്നും പിന്നെ മീഡിയക്കാര്‍ക്ക് അടുക്കാന്‍ പറ്റില്ലെന്നും മാധവ് സുരേഷ് കൂട്ടിച്ചേര്‍ത്തു.

‘ആളൊരു യൂണിയന്‍ മിനിസ്റ്ററാണ്. റിയാക്ട് ചെയ്യുന്നതിനുള്ള റെസ്ട്രിക്ഷന്‍സ് എന്തൊക്കെയാണെന്ന് എന്നും ആളുകള്‍ പറഞ്ഞുകൊണ്ട് നടക്കും. അതേസമയത്ത് ആ യൂണിയന്‍ മിനിസ്റ്റര്‍ക്ക് രണ്ട് ചോയ്‌സുണ്ട്. വേണമെങ്കില്‍ പൊലീസ് പ്രൊട്ടക്ഷന്‍ കൊണ്ടുവരാന്‍ പറ്റും.

പിന്നെ മീഡിയക്കാര്‍ക്ക് അടുക്കാന്‍ പറ്റില്ല. പക്ഷെ അതിന് ഒരിക്കലും എന്റെ അച്ഛന്‍ നിന്നിട്ടില്ല. മീഡിയക്കാര്‍ക്ക് എന്നും സത്യസന്ധമായ മറുപടികള്‍ കൊടുത്ത് മാത്രമാണ് എന്റെ അച്ഛന്‍ ഡീല് ചെയ്തിട്ടുള്ളത്,’ മാധവ് സുരേഷ് പറഞ്ഞു.

അഭിമുഖത്തില്‍ തന്റെ ചേട്ടനായ ഗോകുല്‍ സുരേഷിനെ കുറിച്ചും മാധവ് സംസാരിച്ചു. ഗോകുല്‍ വളരെ കോണ്‍ഫിഡന്റുള്ള ഒരു വ്യക്തിയാണെന്നും നല്ലത് പറയുമ്പോഴും അച്ഛനെ മോശമായി കാണിക്കുന്ന രീതി കണ്ടുവളര്‍ന്ന ആളാണെന്നും മാധവ് പറയുന്നു.

‘എന്റെ ചേട്ടന്‍ വളരെ കോണ്‍ഫിഡന്റുള്ള ഒരു വ്യക്തിയാണ്. നല്ലത് പറയുമ്പോഴും അച്ഛനെ മോശമായി കാണിക്കുന്ന രീതി കണ്ടുവളര്‍ന്ന ആളാണ് ചേട്ടന്‍. എന്നെക്കാളും അത് കണ്ടിട്ടുള്ളത് ചേട്ടന്‍ തന്നെയാണ്. മൂത്ത സന്താനം എന്ന നിലയില്‍ കുറേ കാര്യങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.

ഞാന്‍ ഒരു മീഡിയ ചാനലിനെയും ക്രിട്ടിസൈസ് ചെയ്യുകയല്ല. ഒരു മീഡിയ ഔട്ട്‌ലെറ്റിന് മുന്നില്‍ ഫ്രീയായി ഇരിക്കാനോ ചിരിച്ച് കളിച്ചിരിക്കാനോ എനിക്ക് പറ്റില്ല. മാനസികമായി അതിന് ചില ബുദ്ധിമുട്ടുകളുണ്ട്. എന്റെ ഒരു കാഴ്ച്ചപാടില്‍ ആരെന്ത് പറഞ്ഞാലും അവരല്ല എന്റെ പ്ലേറ്റില്‍ ഭക്ഷണം കൊണ്ടുവന്നു തരുന്നത്, ഞാനോ എന്റെ അച്ഛനോ ചെയ്യുന്ന തൊഴിലാണ്. എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല,’ മാധവ് സുരേഷ് പറഞ്ഞു.


Content Highlight: Madhav Suresh Talks About Suresh Gopi And Media

We use cookies to give you the best possible experience. Learn more