സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ആദ്യമായി നായകനായ ചിത്രമാണ് കുമ്മാട്ടിക്കളി. ചിമ്പു, വിജയ് തുടങ്ങിയവരുടെ ഹിറ്റ് സിനിമകളിലൂടെ ഏറേ ശ്രദ്ധേയനായ ആര്‍.കെ. വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഇത്.
കുമ്മാട്ടിക്കളിയില്‍ മാധവ് സുരേഷ് ‘ഡെന്നീസ്’ എന്ന കഥാപാത്രമായാണ് എത്തിയത്. ഇതിന് പുറമെ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ശ്രദ്ധേയമായ ഡയലോഗും ഉണ്ടായിരുന്നു. അച്ഛന്റെ റഫറന്‍സുകള്‍ കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് മാധവ്. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുക്കും മേലെയെന്ന ഡയലോഗ് അതില്‍ പ്ലാന്‍ഡ് അല്ലായിരുന്നു. ആ ഒരു മൊമന്റില്‍ നടന്നതായിരുന്നു. എന്നുവെച്ചാല്‍ ഈ സിനിമ ഡിമാന്‍ഡ് ചെയ്യുന്നതായിരുന്നു എന്നുമല്ല. എങ്കിലും സ്‌ക്രിപ്റ്റിനും ആ സീനിനും അതുക്കും മേലെയെന്ന ഡയലോഗ് ചേര്‍ന്നു എന്നതാണ് കാര്യം.
പ്രീപ്ലാന്‍ഡ് മൊമന്റ് അല്ലായിരുന്നു. ഞാന്‍ സിനിമ കണ്ട് വളര്‍ന്ന ആളാണ്. ഏതൊരു പ്രേക്ഷകനും അയാളുടെ മനസില്‍ കുറച്ച് സിനിമാ ഡയലോഗുകളും സീനുകളും അങ്ങനെ കിടക്കുന്നുണ്ടാകും. ഈ സിനിമയില്‍ ‘റൊമാന്‍സല്ലെങ്കില്‍ പിന്നെ എന്താണ്’ എന്ന ചോദ്യം വരുമ്പോള്‍ അതിന്റെ അപ്പുറം എന്ന് പറയുന്നതിനേക്കാള്‍ നല്ലത് അതുക്കും മേലെ എന്ന ഡയലോഗല്ലേ. ഈ സീന്‍ കണ്ടപ്പോള്‍ എന്റെ ഡയലോഗ് അടിച്ചുമാറ്റിയല്ലേ എന്നായിരുന്നു അച്ഛന്‍ ചോദിച്ചത് (ചിരി),’ മാധവ് സുരേഷ് പറഞ്ഞു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയാണ് കുമ്മാട്ടിക്കളി നിര്‍മിച്ചത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ ചിത്രത്തില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
Content Highlight: Madhav Suresh Talks About Kummattikali Movie And Suresh Gopi