| Tuesday, 20th February 2024, 3:37 pm

മൃഗപെരുപ്പം നിയന്ത്രിക്കാൻ വേട്ട വേണം; ഇറച്ചി ആളുകൾക്ക് തിന്നാൻ ലഭ്യമാക്കണം: മാധവ് ഗാഡ്ഗിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതികരണവുമായി പരിസ്ഥതി ശാസ്ത്രജ്ഞനും ഫ്രൊഫസറുമായ മാധവ് ഗാഡ്ഗില്‍. കാടിനുള്ളില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുന്നത് നിയന്ത്രണ വിധേയമാക്കണമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആനവേട്ട പൂര്‍ണമായും നിലച്ചാല്‍ അവയുടെ സംഖ്യ തീര്‍ച്ചയായും സ്‌ഫോടനാത്മകമാകുമെന്നാണ് ഗാഡ്ഗിലിന്റെ നിരീക്ഷണം. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം വ്യക്തമാക്കിയത്.

വയനാടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ കാടിറങ്ങുന്ന ആനകളെയും കടുവകളെയും റേഡിയോകോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കാമെന്നും നിരീക്ഷിക്കാമെന്നും മാത്രമാണ് വനംവകുപ്പ് വിചാരിക്കുന്നതെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നു. എന്നാല്‍ ഈ രീതികള്‍ ഉപേക്ഷിച്ച് പുതിയ രീതികള്‍ക്കൊണ്ട് ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്ന് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു.

മനുഷ്യന് ഉപദ്രവമാകുന്ന വന്യജീവികളെ വെടിവെക്കാനും വെടിവെച്ച് പരിക്കേല്‍പ്പിക്കാനും വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് വനംവകുപ്പിനെ അനുവദിക്കുന്നുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഈ വകുപ്പ് പ്രാവര്‍ത്തികമാക്കുന്നതിലും അതിനുവേണ്ട ഉദ്യോഗസ്ഥനെ വയനാട്ടില്‍ നിയമിക്കുന്നതിനും സര്‍ക്കാര്‍ മടിക്കുകയാണെങ്കില്‍ ജനങ്ങള്‍ വനത്തിനും പരിസ്ഥിതിക്കും എതിരായി മാറുമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

അടുത്തകാലം വരെ തുകല്‍ ഉത്പ്പന്നങ്ങള്‍ക്കുവേണ്ടി നാഗാലാന്‍ഡില്‍ ആനയെ വേട്ടയാടിയിരുന്നുവെന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ആനകളെ വേട്ടയാടുന്നുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മനുഷ്യന്റെ മൂന്നുലക്ഷം കൊല്ലത്തെ ചരിത്രത്തില്‍ മനുഷ്യന്റെ പ്രധാനപ്പെട്ട ഭക്ഷണ ഇര ആനയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യജീവികളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ കാട്ടുപന്നികളെ വേട്ടയാടി അവയുടെ മാംസം കഴിക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഗ്യാനേന്ദ്ര നിയമസഭയില്‍ ആവശ്യപ്പെട്ടതായി മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. ഇത് ഒരുപക്ഷെ രാജ്യത്ത് ആദ്യമായി ഒരാള്‍ ഉന്നയിക്കുന്ന ആവശ്യം ആയിരിക്കുമെന്നും ഗാഡ്ഗില്‍ പറഞ്ഞു.

1972ലെ വന്യജീവി സംരക്ഷണ നിയമം നടപ്പിലായതോടെ സംരക്ഷണം മാത്രമാണ് നടക്കുന്നതെന്നും കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ നേരിട്ട വലിയ തിരിച്ചടിയാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. പെറ്റുപെരുകുന്ന മൃഗങ്ങളെ ഭക്ഷണമാക്കാനുള്ള അനുവാദം ജനങ്ങള്‍ക്ക് നല്‍കണമെന്ന് മാധവ് ഗാഡ്ഗില്‍ ഊന്നിപ്പറയുന്നു.

വന്യജീവികള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും ആയതിനാല്‍ വിലനല്‍കിയാണെങ്കിലും അവയുടെ മാംസം ജനങ്ങള്‍ക്ക് കൈമാറണമെന്നും ഒരു പുതിയ മാര്‍ഗമായി മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വെക്കുന്നു.

Content Highlight: Madhav Gadgil wants to control the increase in the number of wild animals in the forest

We use cookies to give you the best possible experience. Learn more