| Thursday, 5th September 2019, 9:24 am

കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായി മനുഷ്യനിര്‍മിതമല്ല; ക്വാറികള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാക്കണമെന്നും ഗാഡ്ഗില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടക്കല്‍: കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായി മനുഷ്യനിര്‍മിതമാണെന്ന് പറയാനാകില്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ് ഇത്തവണ പ്രളയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രളയത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകും. പ്രകൃതി ദുരന്തവും കനത്ത മഴ മൂലവും പ്രളയമുണ്ടാകാം. ശരിയല്ലാത്ത രീതിയിലുള്ള റിസര്‍വോയര്‍ മാനേജ്മന്റെും കാരണങ്ങളിലൊന്നാണ്.’ ഗാഡ്ഗില്‍ പറഞ്ഞു.

മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

‘പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടലും റോഡ് നിര്‍മാണം, ക്വാറി പ്രവര്‍ത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിന്‍ചരിവിലും മുകള്‍ഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങിയ ഇടപെടലുകളും ഉരുല്‍പ്പൊട്ടലിനു കാരണമാകാം. ശരിയായ കാരണം കണ്ടെത്താന്‍ ആ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റി വരുമെന്നത്. റിപ്പോര്‍ട്ട് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചത്. നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്.

റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടര്‍ന്ന് ഗ്രാമസഭാ തലത്തില്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടത്. തുടര്‍ച്ചയായ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കേരളത്തില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിരവധി പേര്‍ ചിന്തിച്ച് തുടങ്ങിയത് സന്തോഷകരമായ കാര്യമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച് കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമിതിയുടെ ശുപാര്‍ശകളില്‍ പറയുന്നതനുസരിച്ച് പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ല. സമിതിയുടെ റിപ്പോര്‍ട്ട് വിശദമല്ല. ഈ മേഖലയെപ്പറ്റിയുള്ള സാമാന്യമായ നിര്‍ദേശങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്’- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാക്കണമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

‘പ്രാദേശിക നിരീക്ഷണങ്ങള്‍ക്ക് വിധേയമായിരിക്കണം ക്വാറികളുടെ പ്രവര്‍ത്തനവും പുഴകളിലെ മണല്‍ വാരലും. ഒരു പരിധിയുടെ അപ്പുറത്തേക്ക് ഖനനം പാടില്ല. സര്‍ക്കാര്‍ തലത്തിലാകുമ്പോള്‍ ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ചായിരിക്കം പ്രവര്‍ത്തനം. മഹാരാഷ്ട്രയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടുന്ന ഘട്ടത്തില്‍ ഇവര്‍ പ്രവര്‍ത്തനം നിര്‍ത്തും. കേരളത്തില കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമാനമായി നടപ്പാക്കണം. പുഴകളിലെ ജലനിരപ്പ്, മണലിന്റെ അളവ്, എന്നിവയെല്ലാം പരിഗണിച്ചായിരിക്കണം മണല്‍ എടുക്കേണ്ടതെന്നും ഗാഡ്ഗില്‍ പറഞ്ഞു.

ALSO WATCH

We use cookies to give you the best possible experience. Learn more