കോട്ടക്കല്‍: കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായി മനുഷ്യനിര്‍മിതമാണെന്ന് പറയാനാകില്ലെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ് ഇത്തവണ പ്രളയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രളയത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകും. പ്രകൃതി ദുരന്തവും കനത്ത മഴ മൂലവും പ്രളയമുണ്ടാകാം. ശരിയല്ലാത്ത രീതിയിലുള്ള റിസര്‍വോയര്‍ മാനേജ്മന്റെും കാരണങ്ങളിലൊന്നാണ്.’ ഗാഡ്ഗില്‍ പറഞ്ഞു.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം ക്വാറികളുടെ പ്രവര്‍ത്തനമല്ലെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
‘പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വിവിധ തരത്തിലുള്ള ഇടപെടലും റോഡ് നിര്‍മാണം, ക്വാറി പ്രവര്‍ത്തനം, മണ്ണുമാന്തി ഉപയോഗിച്ച് കുന്നിന്‍ചരിവിലും മുകള്‍ഭാഗത്തും ഭൂമി നിരപ്പാക്കുക തുടങ്ങിയ ഇടപെടലുകളും ഉരുല്‍പ്പൊട്ടലിനു കാരണമാകാം. ശരിയായ കാരണം കണ്ടെത്താന്‍ ആ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗില്‍ പറഞ്ഞു.
‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപകമായി വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ അതോറിറ്റി വരുമെന്നത്. റിപ്പോര്‍ട്ട് ജനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഉദ്ദേശിച്ചത്. നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്.
റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം പശ്ചിമഘട്ടത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യണം. തുടര്‍ന്ന് ഗ്രാമസഭാ തലത്തില്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെയായിരിക്കണം നടപ്പാക്കേണ്ടത്. തുടര്‍ച്ചയായ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കേരളത്തില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി നിരവധി പേര്‍ ചിന്തിച്ച് തുടങ്ങിയത് സന്തോഷകരമായ കാര്യമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി പഠന വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ സംബന്ധിച്ച് കേരളത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സമിതിയുടെ ശുപാര്‍ശകളില്‍ പറയുന്നതനുസരിച്ച് പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളും വാസയോഗ്യമല്ല എന്ന പ്രചാരണം ശരിയല്ല. സമിതിയുടെ റിപ്പോര്‍ട്ട് വിശദമല്ല. ഈ മേഖലയെപ്പറ്റിയുള്ള സാമാന്യമായ നിര്‍ദേശങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്’- മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.