| Tuesday, 11th August 2020, 3:01 pm

കാത്തുവെച്ച അത്യാഹിതമായിരുന്നു പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടല്‍-മാധവ് ഗാഡ്ഗില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തെ നടുക്കിയ മൂന്നാറിലെ പെട്ടിമുടിയിലെ ദുരന്തം വലിയ ചര്‍ച്ചയാകുമ്പോള്‍ പെട്ടിമുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചലിന് കഴിഞ്ഞ വര്‍ഷം വയനാട്ടിലെ പുത്തുമലയിലുണ്ടായ ദുരന്തവുമായി ഏറെ സമാനതകളുണ്ടെന്ന് പറയുകയാണ് പ്രഫ. മാധവ് ഗാഡ്ഗില്‍ മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍.

കാത്തുവെച്ചിരുന്ന അത്യാഹിതമാണ് ഈ ദുരന്തമെന്ന് അദ്ദേഹം പറയുന്നു. 2011ല്‍ തന്നെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഈ മേഖലകളെയൊന്നാകെ അതിപരിസ്ഥിതി ലോല പ്രദേശങ്ങളായി നിര്‍ണയിച്ചിരുന്നു. കേരളത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴപ്പെയ്ത് കൂടുതലാണ്. കനത്ത മഴ ലഭിക്കുന്ന ചെങ്കുത്തായ മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകളും കൂടുതലാണ് അതുകൊണ്ട് തന്നെ അതിപരിസ്ഥിതിലോല പ്രദേശങ്ങളില്‍ സ്വാഭാവികമായിത്തന്നെ ഈ ഭീഷണി നിലനില്‍ക്കുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നു.

ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസന പദ്ധതികളെല്ലാം വരുംവര്‍ഷങ്ങളില്‍ പടിഞ്ഞാറന്‍ തീരത്ത് വരാനിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ ആഘാതങ്ങള്‍ നേരിടേണ്ടി വരുന്നവയാണ്. ഇപ്പോള്‍തന്നെ അതിസമ്പന്നരായ ഒരു ചെറിയ കൂട്ടം ആളുകളുടെ കീശക്ക് കൂടുതല്‍ കനം വെപ്പിക്കാന്‍മാത്രമാണ് ഈ പദ്ധതികളെല്ലാം സഹായകമാവുക.

അങ്ങനെയല്ലായിരുന്നുെവങ്കില്‍, എല്ലാവരുടെയും സാമൂഹിക സാമ്പത്തിക അഭിവൃദ്ധികൂടി ലക്ഷ്യമിടുന്നുണ്ട് എന്നായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് തുച്ഛകൂലിക്ക് വേലചെയ്യുന്ന തേയിലത്തോട്ടം തൊഴിലാളികള്‍ എന്നും എപ്പോഴും മലയിടുക്കുകളിലുള്ള പാടികളില്‍ കഴിയേണ്ടി വരുന്നത്. വര്‍ഷങ്ങളോളം ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പ്പൊട്ടലില്‍ കരിമ്പാറക്കൂട്ടങ്ങള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ് മണ്ണോട് ചേര്‍ക്കപ്പെടുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ തടാകതീരത്ത് തങ്ങളുടെ കണക്കില്‍പ്പെടാത്ത പണം സ്വിസ്ബാങ്കില്‍ പൂഴ്ത്തി സംരക്ഷിക്കുന്ന ലോകമൊട്ടുക്കുമുള്ള അതിസമ്പന്നരുടെയും ശൈഖുമാരുടെയും കൊട്ടാരങ്ങള്‍ കാണാം. ഈ രാജ്യങ്ങളിലെ സാധാരണക്കാരായ മനുഷ്യര്‍ ദരിദ്രരായി തുടരവെയാണ് സാമ്പത്തിക അന്തരത്തിന് ആക്കം കൂട്ടുന്ന ഈ അഭ്യാസങ്ങള്‍ നടക്കുന്നത്. ഇത്തരം വികസന സങ്കല്‍പങ്ങള്‍ വിചിത്രമാണെന്ന് പറയുകയാണ് മാദവ് ഗാഡ്ഗില്‍.

സ്വാഭാവികവനങ്ങള്‍ക്ക് കേടുപറ്റാതിരിക്കുകയെന്നതും അതിപരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കവെ പരിഗണിച്ചിരുന്നു. ഇടതിങ്ങിയ സ്വാഭാവിക വനങ്ങളുള്ള പ്രദേശങ്ങളില്‍ മണ്ണും വേരും ഒന്നുചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഉരുള്‍പൊട്ടലിനെ ചെറുക്കാനാവും. എന്നാല്‍, കനത്ത മഴയും ചെങ്കുത്തായ മലഞ്ചെരിവുകളുമുള്ള മേഖലകളിലെ വനങ്ങള്‍ക്ക് എന്തെങ്കിലും നശീകരണം സംഭവിച്ചാല്‍ ആ പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളായി മാറും.

കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണം, മലയിടിക്കല്‍, ഖനനം, സ്വാഭാവിക വനങ്ങളിലെ മരങ്ങള്‍ വെട്ടി പകരം തോട്ടങ്ങളുണ്ടാക്കല്‍, വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കല്‍ എന്നിങ്ങനെ നശീകരണം സംഭവിക്കാന്‍ പല സാധ്യതകളുണ്ട്. ലോലമേഖലയിലെ മണ്ണിനും മരങ്ങള്‍ക്കും നാശം സംഭവിക്കുന്നത് വന്‍ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുമെന്നത് മുന്നില്‍കണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി ഒഴിവാക്കണമെന്ന് ഞങ്ങള്‍ ശക്തമായി ശിപാര്‍ശ ചെയ്തിരുന്നു. ആ വാക്ക് ചെവിക്കൊണ്ടിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷവും ഇക്കുറിയും സംഭവിച്ച ഉരുള്‍പൊട്ടലുകളുടെ ആഘാതം വലിയ അളവില്‍ കുറക്കാനാകുമായിരുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നു.

നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന ശിപാര്‍ശക്ക് വിലകല്‍പിക്കാത്തതും കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഇത്തരം അപകടകരമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും മറ്റ് അനുബന്ധ കാരണങ്ങളും കേരളത്തിലെ മലമ്പ്രദേശങ്ങളെ കാര്‍ന്നുതിന്നുകയാണ്. ക്വറികളില്‍ ചിലത് പെട്ടിമുടിയുടെ സമീപ പ്രദേശങ്ങളിലാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഉരുള്‍പൊട്ടിയ സ്ഥലത്തോട് തൊട്ടുചേര്‍ന്നല്ലെങ്കില്‍പോലും പാറപൊട്ടിക്കുേമ്പാഴുണ്ടാവുന്ന പ്രകമ്പനങ്ങള്‍ ക്രമേണ സമീപപ്രദേശങ്ങളിലെ മലകളെയും കുന്നുകളെയും ദുര്‍ബലമാക്കുകയും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഖേദകരമെന്നു പറയട്ടെ, അതുകൊണ്ടുതന്നെ പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ഒരു അപ്രതീക്ഷിത ദുരന്തമായിരുന്നില്ല.

ഇന്ത്യയില്‍ വികേന്ദ്രീകരണ ജനാധിപത്യം സാധ്യമാക്കാനായാല്‍ ഒരുനാള്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലന്‍ഡിന് സമാനമാംവിധം പാരിസ്ഥിത സന്തുലിതാവസ്ഥയുണ്ടാകും. സ്വിറ്റ്‌സര്‍ലണ്ടിലെ വനസമ്പത്ത് കഴിഞ്ഞ 160 വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടതാണ്. അതിനുമുമ്പ് നാലുശതമാനം മാത്രമായിരുന്നു അവിടെ അവശേഷിച്ചിരുന്ന വനമേഖലഭീകരമായ ഉരുള്‍പൊട്ടലുകള്‍ നിത്യസംഭവമായിരുന്നു ഒരു കാലത്ത് അവിടെ. ഈ ദുരവസ്ഥയാണ് ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പിനും പച്ചപ്പു നിറഞ്ഞ നാടിനായുള്ള ഒന്നിപ്പിനും വഴിയൊരുക്കിയത്. ഈ വീണ്ടെടുപ്പ് നടത്തിയതും മേല്‍നോട്ടം വഹിച്ചതും സര്‍ക്കാറുകളല്ല, പ്രാദേശിക സമൂഹങ്ങളായിരുന്നു. ഒന്നിച്ച് ഒരുമിച്ച് പങ്കാളിത്ത ജനാധിപത്യത്തിലൂടെ സ്വിസ് ജനത നാടിന്റെ ഹരിതാഭയും ആവാസവ്യവസ്ഥയും വീണ്ടെടുത്തു. ഇത്തരത്തിലൊരു പങ്കാളിത്ത ജനാധിപത്യം മാത്രമേ മുമ്പോട്ടുള്ള പ്രയാണത്തിന് വഴി തുറക്കുകയുള്ളുവെന്ന് പറയുകയാണ് മാധവ് ഗാഡ്ഗില്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more