'കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.ഐ.എമ്മും സങ്കുചിതമായ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നു'; ഇ.ഐ.എയില്‍ വിമര്‍ശനവുമായി ഗാഡ്ഗില്‍
ന്യൂദല്‍ഹി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയമാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതങ്ങള്‍ ഉണ്ടാക്കുന്നതാകും ഇതെന്നും മാധവ് ഗാഡ്ഗില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധവുമായി രംഗത്തുള്ള എല്ലാവര്‍ക്കും പിന്തുണയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നു. പ്രകൃതിയോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചു. ഇപ്പോള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകള്‍ കൂടി ദുര്‍ബലമാക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു.
”കേന്ദ്ര സര്‍ക്കാരിന്റേത് പിന്തിരിപ്പന്‍ നയമാണ്. ഇത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷമാവുകയേ ഉള്ളു. ഇത് ജനാധിപത്യപരമല്ല, തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം”, ഗാഡ്ഗില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര നീക്കത്തിനെതിരെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെടുന്നു. ”കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും കേരളം ഭരിക്കുന്ന സിപിഎം സര്‍ക്കാരും സങ്കുചിതമായ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിനായി പരിസ്ഥിതി താല്പര്യങ്ങളെ സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു”, എന്ന് ഗാഡ്ഗില്‍ വിമര്‍ശിച്ചു.