വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടുന്നത് അവരുടെ എണ്ണം കുറക്കാനും വനത്തില്‍ ജീവിക്കുന്നവരെ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായകരമാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും വെസ്റ്റേണ്‍ ഘട്ട്‌സ് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍ (Western Ghats Ecology Expert Panel) ചെയര്‍പേഴ്‌സണുമായ മാധവ് ഗാഡ്ഗില്‍.
വന്യമൃഗശല്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, നഗരങ്ങളില്‍ ജീവിക്കുന്ന ചില പരിസ്ഥിതിവാദികളാണ് ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രഭാഷണം നടത്തുന്നതെന്നും ദ ഫെഡറലിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറഞ്ഞു.
വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്നും 1972ലെ വന്യജീവി സംരക്ഷണ നിയമം (Wild Life Protection Act) മനുഷ്യര്‍ക്ക് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
എന്‍വയോണ്‍മെന്റല്‍ ആക്ടിവിസം കുറച്ചുകൂടി ജനസൗഹാര്‍ദമാകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
”നഗര പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, ജനസൗഹാര്‍ദം കൂടുതലോ കുറവോ എന്ന ചോദ്യമില്ല. ഞാന്‍ അറിഞ്ഞിടത്തോളം അവര്‍ക്ക് സാധാരണക്കാരോട് തികഞ്ഞ അവജ്ഞയാണ്.
ഇത് പറയുന്നതില്‍ എനിക്ക് ദുഖമുണ്ട്, പക്ഷെ വിഭജിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്.
ഇവരൊക്കെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകളാണ്. അവര്‍ വലിയ നഗരങ്ങളില്‍ ജീവിക്കുന്നു, സമ്പന്നരാണ്. അവര്‍ക്ക് മട്ടനും ചിക്കനും മീനും കഴിക്കാനും വിസ്‌കി കുടിക്കാനുമുള്ള സാമ്പത്തികശേഷിയുണ്ട്.
അതേസമയം ആളുകള്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
എനിക്ക് സുഹൃത്തുക്കളുള്ള ഏതെങ്കിലുമൊരു ഗ്രാമത്തില്‍ രണ്ട് രാത്രി കഴിയാന്‍ ഞാനിവരെ ക്ഷണിക്കുകയാണ്.
അവിടെ രാവിലെ പുറത്തിറങ്ങുന്ന സ്ത്രീകളെ കടുവകള്‍ കൊല്ലുകയാണ്. ഏത് നിമിഷവും തങ്ങളെ ആക്രമിച്ചേക്കാവുന്ന കടുവകളെ ഭയന്ന് അവര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നോക്കുക.
ജീവിതത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതിന് മുമ്പ് ഈ ജീവിതങ്ങള്‍ കൂടി പ്രകൃതി സംരക്ഷണവാദികള്‍ അനുഭവിച്ചറിയണം,” ഗാഡ്ഗില്‍ പറയുന്നു.
പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നത് കൊണ്ടല്ല, മറിച്ച് കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം പോലുള്ള മറ്റ് കാര്യങ്ങളാണ് ജൈവ വൈവിധ്യം നശിപ്പിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Madhav Gadgil on environmental activism and the need to hunt wild animals