| Saturday, 21st December 2013, 6:45 am

മണ്ടേല വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടുകാര്‍ക്കിടയില്‍ അവകാശത്തര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേല വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ അവകാശത്തര്‍ക്കം.

പിന്തുടര്‍ച്ചാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം. മണ്ടേലയ്ക്ക് ആദ്യ ഭാര്യ ഈവ്‌ലിനിലുണ്ടായ മകള്‍ മകസിവേയും കൊച്ചുമക്കളില്‍ മുതിര്‍ന്നവനായ മാണ്ഡല മണ്ടേലയും തമ്മിലാണ് തര്‍ക്കം.

മണ്ടേലയുടെ മക്കളില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന അംഗം താനാണെന്നാണ് മകസിവേ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പിന്തുടര്‍ച്ചാവകാശം തനിക്കാണെന്നും ഇവര്‍ വാദിക്കുന്നു.

എന്നാല്‍ മണ്ടേലയുടെ പിന്‍ഗാമികളില്‍ പ്രായംകൂടിയ പുരുഷന്‍ എന്ന നിലയില്‍ താനാണ് പിന്‍ഗാമിയാകേണ്ടതെന്നാണ് മാണ്ഡല പറയുന്നത്.

എന്നാല്‍ പിന്‍ഗാമിയാകേണ്ടത് മാണ്ഡലയല്ലെന്നാണ് മണ്ടേലയുടെ രണ്ടാം ഭാര്യ വിന്നി പറയുന്നത്. തന്റെ ആഗ്രഹം മകസിവ മറ്റു സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്ന് കുടുംബത്തെ നയിക്കണമെന്നാണെന്നും വിന്നി ആവശ്യപ്പെട്ടു.

ഇതിന് മുന്‍പ് മണ്ടേല രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാര സ്ഥലത്തെച്ചൊല്ലി മകസിവേയും മാണ്ഡലയും ഏറ്റുമുട്ടിയിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.

അതേസമയം മാണ്ഡലയെ മണ്ടേല കുടുംബം ഒറ്റപ്പെടുത്തുകയാണെന്ന ആരോപണവുമായി ജൊഹനാസ്ബര്‍ഗിലെ ടാബ്ലോയിഡായ ടൈംസ് രംഗത്തുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ മകസിവേയുടെ വക്താവ് താറ്റോ എമേര്‍കി നിഷേധിച്ചു.

We use cookies to give you the best possible experience. Learn more