|

സി.പി.ഐ.എം പോരാട്ടം വിജയം കണ്ടു; എഡെ സ്‌നാനയ്ക്ക് പിന്നാലെ മഡെ സ്‌നാനയും റദ്ദാക്കി ഉഡുപ്പി ക്ഷേത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉഡുപ്പി: വര്‍ഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മഡെ സ്‌നാനയില്ലാതെ ചമ്പ ശാസ്തി ആഘോഷങ്ങള്‍ നടത്തി. പ്രസാദം നേദിച്ച ഇലയില്‍ അവര്‍ണ്ണര്‍ കിടന്ന് ഉരുളുന്ന ദുരാചാരമാണ് മഡെ സ്‌നാന. സി.പി.ഐ.എമിന്റെ വര്‍ഷങ്ങളായുള്ള സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തിപ്പോരുന്ന ദുരാചാരങ്ങളായ എഡെ സ്നാനയ്ക്ക് (ബ്രാഹ്മണരുടെ എച്ചിലില്‍ അവര്‍ണ്ണര്‍ കിടന്നുരുളുന്ന ചടങ്ങ്) പിന്നാലെ മഡെ സ്നാനയും നിരോധിച്ചത്. പര്യായ സ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥയാണ് ഇവ റദ്ദ് ചെയ്തതായി അറിയിച്ചത്.

നേരത്തെ എഡെ സ്‌നാനയായിരുന്നു ഈ ക്ഷേത്രത്തില്‍ നടത്തിപ്പോന്നിരുന്നത്. എന്നാല്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2016 മുതല്‍ ഇത് മഡെ സ്‌നാന ആക്കി മാറ്റുകയായിരുന്നു. ബ്രാഹ്മണര്‍ കഴിച്ച എച്ചില്‍ ഇലയില്‍ കിടന്ന് അവര്‍ണ്ണര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്നാന. മഡെ സ്നാനക്കെതിരെ പ്രതിഷേധം കനത്തപ്പോള്‍ കൊണ്ട് വന്ന ആചാരമായിരുന്നു എഡെ സ്നാന. പ്രസാദം നിവേദിച്ച ഇലയില്‍ അവര്‍ണ്ണര്‍ കിടന്നുരുണ്ടതിന് ശേഷം അത് അമ്പലത്തിലെ പശുക്കള്‍ക്ക് നല്‍കുന്നതോടെയാണ് മഡെ സ്‌നാന പൂര്‍ത്തിയാവുക.

“മറ്റു അനാവശ്യ വിവാദങ്ങള്‍ ഉണ്ടാവേണ്ടെന്ന് കരുതിയാണ് ഞാന് ഈ തീരുമാനം എടുത്തത്. പൊതു സമൂഹത്തിന്റെ നന്മയ്ക്കായി ഇത്തരം ആചാരങ്ങള്‍ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ല”- പര്യായ ശ്രീ പാലിമാര്‍ മഠത്തിലെ വിദ്യാധീശ തീര്‍ത്ഥ സ്വാമി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഡെ സ്‌നാന, മഡെ സ്‌നാന കൂടാതെ ജാതി തിരിച്ചുള്ള ഭോജനശാലകളുടെ പേരിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രമാണ് ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. 2014ല്‍ മണിപാല്‍ അക്കാദമി ഓഫ് ഹയര്‍ എഡുക്കേഷനിലെ അധ്യാപികയായ വനിതാ എന്‍.ഷെട്ടിയെ ജാതിയുടെ പേരില്‍ ശ്രീകൃഷ്ണ മഠത്തിലെ ഭോജനശാലയിലെ നിന്നും പുറത്താക്കിയിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 800 വര്‍ഷത്തെ പഴക്കമുള്ള പങ്ക്തി ബേദ എന്ന ഈ ആചാരത്തിനെതിരെ സി.പി.ഐ.എമും വിവിധ എന്‍.ജി.ഓകളും ചേര്‍ന്ന് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

പങ്ക്തി ബേദ, എഡെ സ്‌നാന എന്നീ ദുരാചാരങ്ങള്‍ക്കെതിരെ 2012ന് സി.പി.ഐ.എം സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിച്ചിരുന്നു. ഈ ആചാരങ്ങളിലെ ജനവിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും ചൂണ്ടിക്കാട്ടിയായിരുന്നു ഈ റാലികള്‍ സംഘടിപ്പിച്ചത്.

The Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017 പ്രകാരം പൊതു സ്ഥലത്തും മതപരമായ ചടങ്ങുകളിലും എച്ചിലില്‍ കിടന്നുരുളുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിയതായി സ്റ്റേറ്റ് ഓഫ് മൈസൂര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യന്റെ മാന്യതക്ക് ക്ഷതം സംഭവിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവിറക്കിയത്.

സര്‍ക്കാരിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം ആര്‍.എസ്.എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി യെദ്യൂരപ്പ മുഖ്യമന്ത്രിയായ കാലത്താണ് ശ്രീകൃഷ്ണ മഠത്തിന് കൈമാറിയത്.

അതേസമയം ദക്ഷിണ കന്നടയിലെ കുക്കു സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എടെ സ്‌നാന മുടക്കമില്ലാതെ ആചരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ശ്രീ മുച്‌ലുകോടു സുബ്രഹ്മണ്യ ക്ഷേത്രത്തിലും ആളുകള്‍ മടെ സ്‌നാന ചെയ്യാനായി മുന്നോട്ട് വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.