| Sunday, 26th March 2023, 11:39 pm

ഹാസ്യരംഗങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചു; അതിക്രൂരനായ വില്ലനായി പേടിപ്പിച്ചു; ഇന്നസെന്റ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രതിഭാധനന്‍: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വെള്ളിത്തിരയില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച, നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അതുല്യ പ്രതിഭയാണ് ഇന്നസെന്റെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അതിക്രൂരനായ വില്ലനായി പേടിപ്പിച്ചും വൈകാരിക രംഗങ്ങളില്‍ കരയിപ്പിച്ചും ചലച്ചിത്ര പ്രേമികളെ അത്ഭുതപ്പെടുത്തിയ പ്രതിഭാധനനാണ് അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു.

‘പ്രശസ്ത ചലച്ചിത്ര നടനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ശ്രീ. ഇന്നസെന്റ് നമ്മളോട് വിട പറഞ്ഞിരിക്കുന്നു. വെള്ളിത്തിരയില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അതുല്യപ്രതിഭയാണ് ഇന്നസെന്റ്.

ഒരിക്കലും മറക്കാനാത്ത ഹാസ്യരംഗങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചതിനോടൊപ്പം അതിക്രൂരനായ വില്ലനായി പേടിപ്പിച്ചും വൈകാരിക രംഗങ്ങളില്‍ കരയിപ്പിച്ചും ചലച്ചിത്ര പ്രേമികളെ അത്ഭുതപ്പെടുത്തിയ പ്രതിഭാധനനാണ് അദ്ദേഹം.

മലയാള സിനിമയില്‍ ഇനിയൊരു ഇന്നസെന്റ് ഉണ്ടായേക്കില്ല. പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍,’ അദ്ദേഹം പറഞ്ഞു.

അത്രമേല്‍ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് വിടവാങ്ങിയതെന്നും അനേകം കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും ടി.എന്‍.പ്രതാപന്‍ എം.പി പറഞ്ഞു.

‘വിടവാങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. അത്രമേല്‍ വ്യതിരിക്തവും ഹൃദയസ്പര്‍ശിയുമായ അഭിനയ ജീവിതമായിരുന്നു ഇന്നസെന്റിന്റേത്. മഹാരോഗങ്ങളെ പോലും ചിരിച്ചുകൊണ്ട് മടക്കി അയച്ചിട്ടുണ്ട് അദ്ദേഹം.

ഇന്നസെന്റിന്റെ സിനിമയും ജീവിതവും മലയാളികളെ എപ്പോഴും സന്തോഷിപ്പിച്ചിട്ടേയുള്ളൂ. നര്‍മ്മവും കാര്യവും കഥയും തന്റേതുമാത്രമായ അഭിനയ മികവിലൂടെയും സംഭാഷണ ശൈലിയിലൂടെയും ഇന്നസെന്റ് അനശ്വരമാക്കി.

നികത്താനാവാത്ത ഒരിടം കൂടി മലയാള സിനിമാ ലോകത്ത് രൂപപ്പെടുകയാണ്. അദ്ദേഹം അഭിനയിച്ചു ചേര്‍ത്ത അനേകം കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ അദ്ദേഹത്തെ എന്നും ജീവിപ്പിച്ചുകൊണ്ടേയിരിക്കും.
വിട,’ ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

content highlight: Made people laugh through comedy scenes; feared as a cruel villain; Innocent wowed audiences with talent: Sudhakaran

Latest Stories

We use cookies to give you the best possible experience. Learn more