തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വസ്തുത വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചുവെന്ന സി.പി.ഐ.എം നേതാവ് കെ.എസ്. അരുൺ കുമാറിന്റെ പരാതിയിൽ കേസെടുത്ത് കോടതി . കാക്കനാട് മജിസ്ട്രേറ്റ് കോടതി 24 ന്യൂസ് ചാനല്‍ സീനിയര്‍ എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രൈവറ്റ് കംപ്ലെയിന്റ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് കോടതി നടപടി. ഹാഷ്മി ജനുവരി 30ാം തീയതി കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍കുമാര്‍ പറഞ്ഞു .
‘ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തി അപമാനിക്കുക, എന്തു തോന്നിവാസവും പറയുക, വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് തൊഴിലാക്കി മാറ്റിയ ചില അവതാരകര്‍ ഉണ്ട്. ചാനലില്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികളെ പൊതുസമൂഹത്തില്‍ ആകമാനം അപമാനിച്ചതിനുശേഷം അര്‍ദ്ധരാത്രി മെസ്സേജ് അയച്ച് ഖേദം പ്രകടിപ്പിക്കും ഇവര്‍.
ഇവരുടെ അഹങ്കാരത്തിന് ഇരയാകുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നേ ഇല്ല. നിയമ നടപടിയിലേക്ക് കടന്ന് അഭിഭാഷക നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കാതിരിക്കുക. നിയമവ്യവസ്ഥയെ അംഗീകരിക്കാതെ ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ ‘ജഡ്ജിമാര്‍’ എന്ന് സ്വയം കരുതി പെരുമാറുന്നത് കൊണ്ടാകാം ഇവരോക്കെ ഇങ്ങനെ,’ കെ.എസ് അരുണ്‍കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ കേസില്‍ പ്രതികളുമായി ബന്ധമുണ്ട് എന്ന കേസില്‍ 24 ന്യൂസ് റിപ്പോര്‍ട്ടറെ പോലീസ് പ്രതി ചേര്‍ത്തതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനല്‍ ഡിസംബര്‍ 23ന് നടത്തിയ എന്‍കൗണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് കേസിനാസ്പദമായ ആരോപണങ്ങള്‍ ഉണ്ടായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു ഹാഷ്മി അരുണ്‍കുമാറിനെതിരെ ഉന്നയിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഹാഷ്മി അയച്ച വാട്സ്ആപ്പ് സന്ദേശവും അരുണ്‍ കുമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
‘പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ഒരു വര്‍ഷമായി ഒരു നിയമ പോരാട്ടത്തില്‍ ആയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ചാനലായ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ശ്രീ ഹാഷ്മി താജ് ഇബ്രാഹിമിനെതിരായിരുന്നു എന്റെ നിയമപോരാട്ടം.
ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തി അപമാനിക്കുക, എന്തു തോന്നിവാസവും പറയുക, വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് തൊഴിലാക്കി മാറ്റിയ ചില അവതാരകര്‍ ഉണ്ട്. ചാനലില്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികളെ പൊതുസമൂഹത്തില്‍ ആകമാനം അപമാനിച്ചതിനുശേഷം അര്‍ദ്ധരാത്രി മെസ്സേജ് അയച്ച് ഖേദം പ്രകടിപ്പിക്കും ഇവര്‍. ഇവരുടെ അഹങ്കാരത്തിന് ഇരയാകുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നേ ഇല്ല.
നിയമ നടപടിയിലേക്ക് കടന്ന് അഭിഭാഷക നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കാതിരിക്കുക. നിയമവ്യവസ്ഥയെ അംഗീകരിക്കാതെ ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ ‘ജഡ്ജിമാര്‍’ എന്ന് സ്വയം കരുതി പെരുമാറുന്നത് കൊണ്ടാകാം ഇവരോക്കെ ഇങ്ങനെ.
ഇത്തരത്തിലുള്ള അധമ മാധ്യമപ്രവര്ത്തനത്തിനെതിരായിട്ടാണ് ബഹുമാനപ്പെട്ട കാക്കനാട് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രൈവറ്റ് കമ്പ്ലൈന്റ് ഫയല്‍ ചെയ്ത് നിയമനടപടികള്‍ക്ക് നേതൃത്വം കൊടുത്തത്.
ഇപ്പോഴിതാ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഒരു ചാനല്‍ അവതാരകന് ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ
നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഈ കേസിലെ പ്രതിയോട് ജനുവരി മാസം മുപ്പതാം തീയതി കോടതിയില്‍ ഹാജരാക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളത്തെ പ്രധാന അഭിഭാഷക ഓഫീസായ അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് ആണ് എനിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
എതിരാളി ശക്തനാണെന്ന് അറിയാം. വിവിധ രൂപത്തിലുള്ള ആക്രമണം ഉണ്ടാകും എന്നും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെ. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കും. എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും വേണം.’
Content Highlight: made false allegations; Kakkanad court registered a case against Hashmi Taj Ibrahim