എന്തൊരു സിനിമ, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് കാണുന്ന ഫീലിലാണ് ആ മലയാള ചിത്രം കണ്ടത്: മാധവൻ
Entertainment
എന്തൊരു സിനിമ, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് കാണുന്ന ഫീലിലാണ് ആ മലയാള ചിത്രം കണ്ടത്: മാധവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 8:26 am

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയാണ് ടൈറ്റില്‍ റോളിലെത്തിയത്. കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായ മിന്നല്‍ മുരളിയുടെ കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഒ.ടി.ടി റിലീസായാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു.

 

 

അന്യഭാഷയിലെ താരങ്ങളടക്കം നിരവധിയാളുകൾ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. മിന്നൽ മുരളിയെ കുറിച്ച് സംസാരിക്കുകയാണ് കോളിവുഡിന്റെ സ്വന്തം മാധവൻ. മലയാളത്തിലെ മിക്ക സിനിമകൾ കാണുമ്പോഴും തനിക്ക് അത്ഭുതം തോന്നാറുണ്ടെന്നും മിന്നൽ മുരളി കണ്ടപ്പോൾ എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ലെന്നും മാധവൻ പറയുന്നു.

അത്രയും മനോഹരമായാണ് മിന്നൽ മുരളി എടുത്തിരിക്കുന്നതെന്നും ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സൊക്കെ കാണുമ്പോഴുള്ള അതേ ഫീലിലാണ് മിന്നൽ മുരളി താൻ കണ്ടതെന്നും മാധവൻ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിക്ക മലയാള സിനിമകൾ കാണുമ്പോഴും എനിക്കങ്ങനെ തോന്നാറുണ്ട്. പക്ഷെ ഈയിടെ ഒരു മലയാള പടം കണ്ടപ്പോൾ എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.

മിന്നൽ മുരളിയാണ് ആ സിനിമ. ഹോ എന്തൊരു സിനിമയാണത്. അത്രയും മനോഹരമായിട്ടുണ്ട്. എന്ത് അടിപൊളിയായാണ് ആ ചിത്രം എടുത്തുവെച്ചിരിക്കുന്നത്.

ഹോളിവുഡിലെ അവഞ്ചേഴ്സ്  പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കാണുമ്പോൾ കിട്ടുന്ന അതേ ഫീലായിരുന്നു മിന്നൽ മുരളി കണ്ടപ്പോഴും എനിക്ക് കിട്ടിയത്. സംവിധായകൻ ബേസിൽ ജോസഫ് എത്ര നന്നായിട്ടാണ് അത് എടുത്ത് വെച്ചിരിക്കുന്നത്,’മാധവൻ പറയുന്നു.

അതേസമയം മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായി പാൻ ഇന്ത്യൻ റിലീസായി തിയേറ്ററിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടിയോളം ബോക്സ്‌ ഓഫീസിൽ നിന്ന് നേടി കഴിഞ്ഞു. അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിച്ചത്.

Content Highlight: Madavan About Minnal Murali Movie