'പ്രളയത്തിനു കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ പിഴവ്'; വിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
Heavy Rain
'പ്രളയത്തിനു കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ പിഴവ്'; വിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 3:38 pm

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് മാധവ് ഗാഡ്ഗില്‍. പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ പിഴവാണെന്നാണ് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. വലിയ ക്വാറികള്‍ക്കു പോലും നിര്‍ബാധം ലൈസന്‍സ് നല്‍കുന്നു. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്തു സംഭവിച്ചതിനു സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മഴ തുടര്‍ച്ചയായി പെയ്തിട്ടും വടക്കന്‍ കര്‍ണാടകത്തിലെ ഡാമുകള്‍ കൃത്യസമയത്ത് തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കൃഷ്ണ നദീ തടത്തിലെ ഡാം മാനേജ്‌മെന്റിലുണ്ടായ പിഴവാണ് മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും പ്രളയത്തിനു കാരണമെന്നും ഗാഡ്ഗില്‍ പറയുന്നു.

ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നു. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.