രണ്ടു കൈകളുടെയും മരവിപ്പും തലക്ക് വിങ്ങലും തലവേദനയും നിരന്തരം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ ചികിത്സകൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാത്ത സാഹചര്യത്തില്‍ നാളെ ബംഗലൂരുവിലെ ന്യൂറോ ഫിസീഷ്യനെ സമീപിക്കുകയാണ്.” തന്റെ ആരോഗ്യാവസ്ഥ സൂചിപ്പിച്ചുകൊണ്ട് ഫെബ്രുവരി 14ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഒരാഴ്ചയ്ക്കിപ്പുറവും ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റമോ മതിയായ ചികിത്സയോ ഉറപ്പുവരുത്താനായിട്ടില്ലെന്നാണ് മഅ്ദനി കഴിഞ്ഞദിവസം പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ നിന്നും പി.ഡി.പി പ്രവര്‍ത്തകരുടെ വാക്കുകളില്‍ നിന്നും മനസിലാവുന്നത്.
ബംഗലൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് 2010 ആഗസ്റ്റ് 17 നാണ് മഅ്ദനിയെ അറസ്റ്റു ചെയ്തത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനുശേഷം 2014 നവംബര്‍ 14ന് അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. എന്നാല്‍ ബംഗലൂരു സിറ്റി വിട്ടു പോകരുതെന്നതുള്‍പ്പെടെയുള്ള ജാമ്യവ്യവസ്ഥകളും കേസിന്റെ വിചാരണ നടപടികള്‍ വൈകിപ്പിക്കുന്നതും വിദഗ്ധ ചികിത്സയ്ക്കു തടസമായി നില്‍ക്കുകയാണെന്നാണ് മഅ്ദനിയും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുപോലെ പറയുന്നത്.
മഅ്ദനിയുടെ നിലവിലെ അവസ്ഥ
പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഏറെക്കാലമായി മഅ്ദനിയെ അലട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വലതുകാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി തടവില്‍ കഴിയുന്ന സമയത്തു തന്നെ ഈ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും അന്നൊന്നും മതിയായ ചികിത്സ ഉറപ്പുവരുത്താത്തതാണ് രോഗം ഇത്തരത്തില്‍ മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയതെന്നുമാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പ്രവര്‍ത്തകര്‍ പറയുന്നത്.
നിലവില്‍ ഷുഗര്‍ അനിയന്ത്രിതമായ അവസ്ഥയിലാണെന്നാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വ്യാഴാഴ്ച മഅ്ദനി പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
“കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആരംഭിച്ച സമയത്ത് ഇടയ്ക്കിടെ ഷുഗര്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്ന സ്ഥിതിയുണ്ടായി. പെട്ടെന്ന് കൂടുകയും പെട്ടെന്ന് കുറയുകയും ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍. മണിപ്പാല്‍ ആശുപത്രിയിലെ പ്രഗത്ഭനായ എന്റോക്രിനോളജിസ്റ്റ് ഡോ.അര്‍ബന്‍ ഭട്ടാചാര്യ ചികിത്സയ്ക്കുശേഷം റിപ്പോര്‍ട്ടു തന്നത് വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാല്‍ ഷുഗര്‍ പെട്ടെന്നു കുറയുന്നു എന്നാണ്. ഇതേത്തുടര്‍ന്ന് ഇന്‍സുലിനെടുക്കുന്നത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുരുന്നു. ആ നിയന്ത്രണങ്ങളൊക്കെ ഇപ്പോള്‍ മാറ്റിയെങ്കിലും ഷുഗര്‍ ഒരു നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലാണ്. രണ്ട് കൈകളും കുറേ നാളുകളായി മരവിച്ച അവസ്ഥയിലാണ്. കൈകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് മരംപോലെ കട്ടിയായ ഒരവസ്ഥയിലാണ്. ഒരു ബട്ടണ്‍സിടുന്നതുപോലും ബുദ്ധിമുട്ടാണ്. അര്‍ധരാത്രിയിലൊക്കെ അസഹ്യമായ വേദനയും സൂചികൊണ്ടു കുത്തുന്നതുപോലത്തെ അവസ്ഥയും അതിനോടൊപ്പം ശരീരവും കൈകളും വല്ലാതെ തണുക്കുന്നതും കാരണം ഉറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.”
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ന്യൂറോളജിസ്റ്റിന്റെ ചികിത്സ തേടിയതായും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാലിന്റേയും കൈകളുടെയും ഞരമ്പുകളുടെയും അവസ്ഥ അതീവഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞതായും മഅ്ദനി പറയുന്നു.
“എം.എസ് രാമയ്യ മെഡിക്കല്‍ കോളജിലെ പ്രഫസറായ ഡോക്ടര്‍ ആചാര്യയെന്ന ന്യൂറോളജിസ്റ്റിനെ കാണാന്‍ വേണ്ടി പോകുകയുണ്ടായി. തുടര്‍ന്നു നടത്തിയ നെര്‍വ് കണ്ടക്ഷന്‍ ടെസ്റ്റില്‍ ഇടതുകാല്‍ മുട്ടിന്റെ താഴ്ഭാഗത്ത് പൂര്‍ണമായും നിര്‍ജീവമായതുപോലത്തെ അവസ്ഥയാണെന്ന് കണ്ടെത്തി. രണ്ടു കയ്യിലും വളരെ ചുരുങ്ങിയ അളവില്‍ മാത്രമാണ് നെര്‍വുകളുടെ പ്രവര്‍ത്തനം” അദ്ദേഹം പറയുന്നു.
ആശുപത്രിയ്ക്കും ഡോക്ടര്‍മാര്‍ക്കും ശല്യം സൃഷ്ടിക്കുന്ന അവസ്ഥ
കേസുമായി ബന്ധപ്പെട്ട ജാമ്യവ്യവസ്ഥകളും അതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും ചികിത്സയ്ക്കു തടസമാകുന്നുണ്ടെന്നാണ് പി.ഡി.പി പ്രവര്‍ത്തകരും മഅ്ദനിയും ഒരുപോലെ പറയുന്നത്. ബംഗളുരുവില്‍ മികച്ച ചികിത്സയ്ക്കുള്ള സാഹചര്യങ്ങളുണ്ടെന്ന വാദം ശരിയാണെന്നു സമ്മതിക്കുമ്പോഴും മഅ്ദനിക്ക് അത് ലഭ്യമാവാത്ത സാഹചര്യമാണെന്നാണ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.
“ഹോസ്പിറ്റലില്‍ അദ്ദേഹത്തെ അ്ഡമിറ്റു ചെയ്യുന്ന സമയത്ത് മുഴുവന്‍ ഫോഴ്സിനേയും സുരക്ഷയുടെ ഭാഗമായി അവിടെ വിന്യസിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെ വരുന്ന രോഗികളെ സുരക്ഷാ പരിശോധന നടത്തി അകത്തുകയറ്റുന്ന രീതി വരുമ്പോള്‍ രോഗികളുടെ ബന്ധുക്കളും മറ്റും രോഗികളെ തന്നെ ഡിസ്ചാര്‍ജ് ചെയ്തു പോകുന്നൊരവസ്ഥയാണ്. ഇത് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുമ്പോള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ക്കു തന്നെ അദ്ദേഹം അവിടെ കിടക്കുന്നത് ബുദ്ധിമുട്ടായി വരുന്ന ഒരു സാഹചര്യമുണ്ടായിട്ടുണ്ട് പലപ്പോഴും.
ഇത് അദ്ദേഹത്തെ മാനസികമായി കൂടുതല്‍ തളര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയോ അദ്ദേഹം സ്വയം ഡിസ്ചാര്‍ജ് സ്വീകരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് മുമ്പുണ്ടായിട്ടുള്ളത്. കര്‍ണാടക സര്‍ക്കാറിന്റേയും പൊലീസിന്റേയും ബോധപൂര്‍വ്വമായ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്. ” പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
മദനിക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് പന്ത്ര നിവേദനം സമര്‍പ്പിക്കുന്നു. പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മുന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നത് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വാക്കുകളിലും വ്യക്തമാണ്. “ഒരു ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പോലും പരമാവധി പൊലീസും ബഹളവുമായിട്ട് പോകേണ്ട സ്ഥിതിയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആ ഡോക്ടര്‍ക്കുള്ള കാഴ്ചപ്പാടും നെഗറ്റീവാകും എന്നുള്ളതിനാല്‍ പരമാവധി എത്രയുംവേഗമങ്ങ് ഒഴിവാക്കി വിടുക എന്നുള്ളതാണ് ഉണ്ടാവുക. മുമ്പ് എം.എസ് രാമയ്യ ഹോസ്പിറ്റലിലായാലും മണിപ്പാല്‍ ഹോസ്പിറ്റലിലായാലും അഡ്മിറ്റായപ്പോഴും ഈ അവസ്ഥയുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ റൂമിലേക്ക് കയറുമ്പോള്‍ അവരെ പരിശോധിച്ചിട്ട് കയറ്റുക, അപ്പോള്‍ അവര് വളരെ അസ്വസ്ഥരാവുക, പലപ്പോഴും ഡോക്ടര്‍മാരും പൊലീസും തമ്മില്‍ സംവാദത്തിനൊക്കെ ഇത് വഴിവെച്ചിട്ടുണ്ട്.” അദ്ദേഹം പറയുന്നു.
തെളിവുണ്ടെങ്കില്‍ ശിക്ഷിക്കൂ
മഅ്ദനിയ്ക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയും മഅ്ദനിയും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത്. 2014 നവംബറില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് നാലുമാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ്. എന്നാല്‍ നാലുവര്‍ഷത്തിനിപ്പുറവും വിചാരണ പൂര്‍ത്തിയായിട്ടില്ല. പലകാരണങ്ങള്‍ നിരത്തി വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായ രണ്ടുപേരെ അഭിമുഖം നടത്തി പൊലീസ് ഭാഷ്യം തെറ്റാണെന്ന് തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന പറയുന്നത്.
“അവരുടെ കയ്യില്‍ മഅ്ദനിയ്ക്കെതിരെ തെളിവൊന്നും ഇല്ല. അപ്പോള്‍ അത് നീട്ടിക്കൊണ്ടുപോകുകയെന്നതാണ് ചെയ്യുന്നത്. ” അവര്‍ പറയുന്നു. മഅ്ദനിയ്ക്കെതിരായ ആറ് സാക്ഷികളില്‍ അഞ്ചു സാക്ഷികളും പൊലീസ് കള്ളത്തരം കാണിച്ചതാണെന്ന മൊഴി കൊടുത്തു കഴിഞ്ഞു. എല്ലാ മൊഴികളും പൊലീസിന് എതിരായിട്ടാണ് വരുന്നതെന്നും അവര്‍ പറയുന്നു.
ഈ കേസിന്റെ വിചാരണ ഒന്നു തീര്‍ന്നുകിട്ടിയാല്‍ മതിയെന്നാണ് മഅ്ദനിയും പറയുന്നത്. തന്നെ ബന്ധപ്പെടുത്തുന്ന തരത്തില്‍ ഒരു തെളിവും പ്രോസിക്യൂഷന് കോടതിക്കു മുമ്പില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കേസ് തീര്‍ത്തുകിട്ടുന്നതില്‍ കര്‍ണാടക സര്‍ക്കാറിന്റേയും പ്രോസിക്യൂഷന്റേയും അലംഭാവം ഒന്നുമാറിക്കിട്ടിയാല്‍ ഇപ്പോഴത്തെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആശ്വാസമുണ്ടാവുമെന്നാണ് അദ്ദേഹവും പറയുന്നത്. “നീതി ലഭ്യമാകാന്‍ വേണ്ടി, കേസു പെട്ടെന്ന് തീര്‍ന്നുകിട്ടിയാല്‍ മതി. നിരപരാധിത്വത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് അത് തെളിയിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറയുന്നു.
മഅ്ദനി വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ബി.ജെ.പിയേക്കാളും മോശമായ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുക്കുന്നതെന്നാണ് കെ.കെ ഷാഹിന പറയുന്നത്. മതേതരത്വം തെളിയിക്കാനുള്ള ഒരു ശ്രമമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തീവ്രവാദം വിറ്റിട്ടാണല്ലോ അവര്‍ ജീവിക്കുന്നത്.
ഇന്ത്യയിലെ മുസ്ലീങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴിലില്‍ നിര്‍ത്തി ഹിന്ദു മുസ്ലിം ധ്രുവീകരണം സൃഷ്ടിക്കുകയെന്നതു തന്നെയാണ് അടിസ്ഥാനപരമായി അവരുടെ രാഷ്ട്രീയ തന്ത്രം. ഇതൊക്കെ അക്കാര്യത്തില്‍ അവരെ സഹായിക്കുന്ന ഒന്നാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ ഹിന്ദു വോട്ടു ബാങ്കിന്റെ മുന്നില്‍ അവര്‍ക്കൊന്നും തെളിയിക്കണ്ട. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുബാങ്കിന്റെ മുന്നില്‍ ഞങ്ങള്‍ പാക്കിസ്ഥാനല്ല എന്നു തെളിയിക്കാനുള്ള ഒരു ആവേശത്തിന്റെ ഭാഗമായിട്ടാണോ എന്നറിയില്ല എല്ലാ കോണ്‍ഗ്രസ് സര്‍ക്കാറുകളും ഇത്തരം വിഷയങ്ങളില്‍ മോശം നിലപാട് തന്നെയാണ് എടുക്കുന്നതെന്നും അവര്‍ പറയുന്നു.
മഅ്ദനി ഒരു കുറ്റവാളിയാണെന്ന പൊതുബോധം കാരണം പൊതുസമൂഹത്തിന്റെ പിന്തുണയും മഅ്ദനിക്ക് വലിയ തോതില്‍ ലഭിച്ചിട്ടില്ലെന്ന് ഷാഹിന പറയുന്നു. വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാറിനും പൊതുസമൂഹത്തിനും ശക്തമായി ആവശ്യപ്പെടാന്‍ കഴിയും. എന്നാല്‍ മഅ്ദനിയുടെ കാര്യത്തില്‍ അത്തരമൊരു സമീപനം ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.