| Saturday, 24th June 2023, 8:36 pm

പിതാവിനെ കാണാന്‍ തിങ്കളാഴ്ച മഅദനി കേരളത്തിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മഅദനി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് കേരളത്തിലേക്ക് തിരിക്കുക. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിന് ബെംഗളൂരിവിലേക്ക് തന്നെ മടങ്ങും. മഅദനിയുടെ ജാമ്യ വ്യസ്ഥയില്‍ നേരത്തെ സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ ചെലവ് കൂടുതലായതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെക്കുകയായിരുന്നു. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് അനുവദിച്ചതോടെയാണ് മഅദനി
കേരളത്തിലേക്ക് വരുന്നത്.

ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് സുപ്രീംകോടതി ജൂലൈ പത്ത് വരെ കേരളത്തില്‍ തുടരാനായിരുന്നു അനുമതി നല്‍കിയത്.പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു മഅദനി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ കര്‍ണാടക പൊലീസിന്റെ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു കോടതി അനുമതി നല്‍കിയിരുന്നത്. കര്‍ണാടക പൊലീസിന്റെ ചെലവും അമദനി വഹിക്കേണ്ടി വരുമായിരുന്നു.

അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും ചെലവും വെട്ടിക്കുറക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി തള്ളിയിരുന്നു. ഇതോടെ ഭീമമായ തുക കെട്ടിവെച്ച് ജന്മനാട്ടിലേക്ക് വരാനുള്ള സാഹചര്യമൊരുക്കി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാന്‍ താനില്ലെന്ന് മഅദനി അറിയിച്ചു. അകമ്പടി സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്നായിരുന്നു കര്‍ണാടക പോലീസിന്റെ ആവശ്യം.

ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം. പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlight: Madani will come to kerala to meet his father

We use cookies to give you the best possible experience. Learn more