ബെംഗളൂരു: വിചാരണത്തടവ് അനന്തമായി നീളുന്നതും വിചാരണത്തടവുകാര്‍ ജീവച്ഛവങ്ങളായി മാറുമ്പോള്‍ നിരപരാധികളാണെന്ന് പറഞ്ഞ് വിടുന്ന സാഹചര്യവും നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പുറപ്പെടും മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത ആളാണ്. ഇങ്ങോട്ടേക്ക് വരുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ഉടനെയൊന്നും തിരിച്ചുപോകാന്‍ കഴിയില്ലെന്ന്. വളരെ ആസൂത്രിതമായാണ് എന്നെ കുടുക്കിയത്.
രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമായ കാര്യമാണിത്. ദീര്‍ഘമായി പതിറ്റാണ്ടുകളോളം മനുഷ്യരെ വിചാരണ തടവുകാരാക്കി വെക്കുക, എന്നിട്ട് അവര്‍ ജീവച്ഛവങ്ങളായി മാറുമ്പോള്‍ അവര്‍ നിരപരാധികളാണെന്ന് പറഞ്ഞ് വിടുന്ന സാഹചര്യമുണ്ടാകുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനകരമായ കാര്യമാണ്. അതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത്,’ മഅ്ദനി പറഞ്ഞു.
കൊച്ചിയില്‍ ഇന്ന് തങ്ങില്ലെന്നും നേരെ അന്‍വാര്‍ശേരിയിലേക്ക് പോകുമെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു. ‘അവിടെ സുഖമില്ലാതെ കിടക്കുന്ന വാപ്പായെ കാണുക, ഉമ്മായുടെ ഖബറിടം സന്ദര്‍ശിക്കുക എന്നിവയാണ് ഇന്നത്തെ പരിപാടികള്‍. ഇന്‍ഷാ അല്ലാഹ്, അടുത്ത ദിവസങ്ങളിലൊക്കെ അവിടെത്തന്നെ ഉണ്ടാകും.
വാപ്പയുടെ അടുത്ത് കുറച്ച് ദിവസം ചെലവഴിക്കണം. ഇങ്ങോട്ട് വരുമ്പോള്‍ വാപ്പ സ്‌ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. നേരത്തെയൊക്കെ ബോധമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയൊക്കെ നഷ്ടപ്പെട്ട് വിഷമകരമായ സാഹചര്യത്തിലാണുള്ളത്. എങ്കിലും ഇത്തിരി സമയമെങ്കിലും അദ്ദേഹത്തെ പരിചരിക്കാന്‍ സമയം കിട്ടിയെന്നതില്‍ സര്‍വശക്തനായ ദൈവത്തെ സ്തുതിക്കുന്നു. സന്തോഷകരമായ ഒരു കാര്യമാണ്,’ മഅ്ദനി പറഞ്ഞു.
നാട്ടിലേക്ക് വരാന്‍ വേണ്ടി വരുന്ന തുകയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കൃത്യമായ യാത്രയുടെ കാര്യം കൂടി നോക്കിയിട്ടാണ് തുക എത്ര വരുമെന്ന് അറിയാന്‍ സാധിക്കുക. പുതിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലം ഒന്നുമില്ലേലും, ഈ യാത്രയ്‌ക്കെതിരെ പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ല.
ആരോഗ്യസ്ഥിതി വളരെ വിഷമകരമാണ്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. വൃക്കയുടെ അവസ്ഥ വളരെ വിഷമകരമാണ്. ഡയാലിസിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
കരോട്ടിഡ് ആര്‍ട്ടെറി കാരണം തലച്ചോറിലെ ബ്ലഡ് സര്‍ക്കുലേഷന്‍ നിന്നിട്ട് ഇടക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. വേണ്ട ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണ്.
രണ്ടര മാസം കിട്ടിയപ്പോള്‍ നാട്ടില്‍ പോയി ചികിത്സയൊക്കെ നേടാമെന്നാണ് പ്രതീക്ഷ ഉണ്ടായിരുന്നത്. അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കിയെല്ലാം സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു,’ മഅ്ദനി പറഞ്ഞു.