| Saturday, 18th May 2013, 7:50 pm

കുറ്റം തെളിഞ്ഞാല്‍ തൂക്കി കൊല്ലാം: പ്രസിഡന്റിനോട് മഅദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: വിചാരണ തടവുകാരനായി ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി തനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു.[]

തന്നെ കള്ളക്കേസില്‍ കുരുക്കിയാണ് ബംഗളൂരു പോലീസ് ജയിലിലടച്ചതെന്ന്  മഅദനി കത്തില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും  മഅദനി കത്തയച്ചിട്ടുണ്ട്.[]

തനിക്കെതിരെ ആരോപിച്ചിട്ടുള്ള കേസ് തെളിയുകയാണെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്ന്   മഅദനി കത്തില്‍ പറഞ്ഞു. തന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും  ശാരീരികമായി താന്‍ അവശ നിലയിലാണെന്നും, ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അബ്ദുല്‍ നാസര്‍ മഅദനി കത്തില്‍ വ്യക്തമാക്കി.
കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മഅദനിയുടെ  മോചനത്തിനായി ഇടപെടുമെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മഅദനിക്ക് പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രിയും, മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് കര്‍ണാടകയിലെ പുതിയ  സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റാല്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടിമുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more