ജാമ്യത്തിലറങ്ങിയ മഅദനി കേരളത്തിലെത്തി
Kerala
ജാമ്യത്തിലറങ്ങിയ മഅദനി കേരളത്തിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2013, 10:08 pm

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി ജാമ്യം ലഭിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. പി.ഡി.പി പ്രവര്‍ത്തകരും നേതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് മഅദനിയെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.[]

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി 9.42 ാടെയാണ് മഅദനി എത്തിച്ചേര്‍ന്നത്. വൈകീട്ട് 6.45നാണ് ബംഗളൂരുവില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബംഗളൂരു പൊലീസ് സംഘം യാത്ര പുറപ്പെട്ടത്.

രാത്രി 10.10 ഓടെയാണ് അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തിയത്. പുറത്തേക്കെത്തിയ മഅദനിയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.

പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തതിന് ശേഷമാണ് മഅദനി അസീസിയ മെഡിക്കല്‍ കോളേജിലേക്ക് യാത്ര പുറപ്പെട്ടത്. ആറ് കര്‍ണ്ണാടക പോലീസിന്റെയും, കേരളപോലീസിന്റെ വന്‍ സംഘവും മദനിയോടൊപ്പമുണ്ട്. ഭാര്യ സൂഫിയയും രണ്ട് മക്കളും അദ്ദേഹത്തോടൊപ്പം ആംബുലന്‍സിലുണ്ട്.

കര്‍ശന ജാമ്യവ്യവസ്ഥയിലാണ് മഅദനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. പ്രവര്‍ത്തകരുമായോ നേതാക്കളുമായോ സംസാരിക്കുകയോ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയോ തുടങ്ങി നിരവധി ജാമ്യ വ്യവസ്ഥകളാണുള്ളത്.

അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ച മഅദനി ഒരു ദിവസം വൈകിയാണ് കേരളത്തിലേക്ക് എത്തിച്ചേര്‍ന്നത്. മതിയായ രേഖകള്‍ കര്‍ണ്ണാടക പോലീസ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് ലഭിക്കാത്തതാണ് യാത്ര വൈകിപ്പിച്ചത്.

മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോസ്ഥര്‍ക്ക് ആയുധങ്ങളുമായി കയറാനുള്ള ശ്രമത്തെ വിമാനത്താവള അധികൃതര്‍ വിലക്കുകയാണുണ്ടായത്.

തുടര്‍ന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിനെ പി.ഡി.പി നേതാക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ക്ലിയറന്‍സ് പ്രശ്‌നങ്ങള്‍ പരിഹരിക്കുയും യാത്ര വൈകുന്നേരത്തേക്കാക്കുകയും ചെയ്തു.

നിലവില്‍ തടവുകാരനായ മഅദനിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വേണ്ട അനുമതി വാങ്ങാത്തതും വിനയായി. കേരളപോലീസും കെ.സി വേണുഗോപാലും വിഷയത്തിലിടപെട്ട് കാര്യങ്ങള്‍ പരിഹരിക്കുകയായിരുന്നു.

കര്‍ണ്ണാടക പോലീസ് കാണിച്ച അലംഭാവമാണ് രാവിലെ 10.30ന് എത്തിച്ചേരേണ്ട മദനിയുടെ യാത്ര വൈകിപ്പിച്ചത്. പോലീസ് മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ യാത്രക്ക് അനുമതി നല്‍കാതിരുന്നതെന്ന് കെ.സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് രാവിലെ 9.15നുള്ള ഇന്‍ഡിഗോ എയര്‍വേസിലായിരുന്നു മദനി പുറപ്പെടേണ്ടിയിരുന്നത്.

ഇദ്ദേഹത്തിന്റെ മക്കളും അഭിഭാഷകനും “ജസ്റ്റീസ് ഫോര്‍ മഅദനി” ഫോറത്തിലെ അംഗങ്ങളും മഅദനിയോടൊപ്പം ഉണ്ട്.

മഅദനി ഞായറാഴ്ച്ച രാവിലെ കൊട്ടിയത്ത് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച്ച അന്‍വാശേരിയില്‍ എത്തി പിതാവിനേയും കാണും. ബുധനാഴ്ച്ച ബംഗളൂരിലേക്ക് മടങ്ങും. ഇതിനിടെയില്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരും.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മഅദനിക്കു കര്‍ണാടക കോടതി അഞ്ചു ദിവസത്തെ ജാമ്യം ലഭിച്ചത്. മഅദനിക്കു ദക്ഷിണമേഖല എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി രണ്ടര വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്. കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅദനി ആവശ്യപ്പെട്ടിരുന്നത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.

മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദിച്ചിരുന്നത്.

ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്ക് പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി സ്വീകരിച്ചിരുന്നില്ല.

മാര്‍ച്ച് പത്തിനാണ് മഅദനിയുടെ മകള്‍ ഷമീറ ജൗഹറയുടെ വിവാഹം നടക്കുന്നത്. ഉപ്പയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് ഉപ്പ തന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക.

ഒരു വാപ്പയെന്ന നിലയില്‍ മഅദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അതെന്നും അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

മഅദനിയുടെ ആദ്യ ഭാര്യയായ ഷഫിന്‍സയുടെ മകളാണ് ഷമീറ. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ.

ആലുംകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സിദ്ദീഖ്കുഞ്ഞിന്റെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.