| Monday, 20th May 2013, 6:43 pm

മഅദനിയുടെ ജാമ്യപേക്ഷ: അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കര്‍ണ്ണാടകാ ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളുരു: വിചാരണ തടവുകാരനായി ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
കെ.ജി ജോര്‍ജ്.

പ്രോസിക്യൂഷന്‍ നിലപാട്  നിയമവകുപ്പുമായി ചര്‍ച്ച ചെയ്യും, സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  തനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഅദനി നേരത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്തയച്ചിരുന്നു.[]

തന്നെ കള്ളക്കേസില്‍ കുരുക്കിയാണ് ബംഗളുരു പോലീസ് ജയിലിലടച്ചതെന്നും  തനിക്കെതിരെ ആരോപിച്ചിട്ടുള്ള കേസ് തെളിയുകയാണെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും  മഅദനി കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മഅദനി വിഷയം  വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടകയില്‍ പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് കര്‍ണ്ണാടകാ സര്‍ക്കാര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റതോടെ മഅദനി മോചനം സംബന്ധിച്ച് വീണ്ടും പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം ജയിലില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളായി വരികയാണ്. താന്‍ അവശനാണെന്നും, വേണ്ടത്ര ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മഅദനി  നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മഅദനിയുടെ  മോചനത്തിനായി ഇടപെടുമെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളും നേരത്തെ അറിയിച്ചിരുന്നു.

മഅദനിക്ക് പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രിയും, മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് കര്‍ണാടകയിലെ പുതിയ  സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more